ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ മാസത്തോടെ പൂർത്തീകരിക്കും. മണ്ഡലകാല ആരംഭത്തിന് മുമ്പേ മേൽപ്പാലം തുറന്ന് നൽകുമെന്ന് എൻ.കെ അക്ബർ എംഎൽഎ.
റെയിൽവേ മേൽപ്പാല അവലോകന യോഗത്തിലാണ് എംഎൽഎ തീരുമാനം അറിയിച്ചത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് മേൽപ്പാലത്തിനു താഴെയുള്ള സ്ഥലത്ത് പ്രഭാത സവാരിക്കുള്ള സംവിധാനം, ഓപ്പൺ ജിം, ഇരിപ്പിടം എന്നിവക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഗുരുവായൂർ നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് എംഎൽഎ നിർദ്ദേശം നൽകി.
ഗുരുവായൂർ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഗുരുവായൂർ എസിപി കെ. ജി. സുരേഷ്, നഗരസഭ സെക്രട്ടറി എച്ച്.അഭിലാഷ്, എഞ്ചിനീയര്‍ ഇ.ലീല, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആർബിഡിസി ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ പങ്കെടുത്തു.
യോഗശേഷം എൻ.കെ അക്ബർ എംഎൽഎ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. ജി.സുരേഷ്, നഗരസഭ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, പൊതുമ രാമത്ത് ഉദ്യോഗസ്ഥർ എന്നിവർ മേൽപ്പാലം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.