ഗുരുവായൂര്‍: ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്(84)ചരിഞ്ഞു. പ്രായാധിക്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു.
1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്നത് പത്ഭനാഭനാണ്. ഐശ്വര്യം നിറഞ്ഞ മുഖവിരിവും ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൊമ്പൻ കേരളത്തിലെ മികച്ച നാട്ടാനകളിൽ ഒന്നായിരുന്നു.
1954 ജനുവരി 18ലാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയാണ് ഗുരുവായൂര്‍ പത്മനാഭന്. 2004 ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ച് വല്ലങ്ങി ദേശം പത്മനാഭന് 2.22 ലക്ഷം രൂപയാണ് ഏക്കത്തുക നൽകിയത്.
തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു. ഗുരുവായൂർ ഏകാദശിയോടനുബന്ദിച്ചു ദശമി നാളിൽ നടക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് കേശവന്റെ പ്രതിമയിൽ മാല ചാർത്തുന്നത് പദ്മനാഭനാണ്.
ഗുരുവായൂർ ദേവസ്വം 2002-ൽ പത്മനാഭന് ഗജരത്നം പട്ടം നൽകി ആദരിച്ചു. 2009ൽ ഗജ ചക്രവർത്തി പട്ടവും പത്മനാഭനു ലഭിച്ചു.