ഗുരുവായൂർ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലോടെ ക്ഷേത്രത്തിൽ പുതിയതായി ആരംഭിച്ച പറനിറയ്ക്കൽ വഴിപാട് നിർത്തിവച്ചു. ജൂലൈ ഒന്നിന് ആരംഭിച്ച പുതിയ വഴിപാട് തന്ത്രിയുടെ എതിർപ്പിനെ തുടർന്നാണ് നിർത്തിവച്ചത്. പറനിറയ്ക്കൽ വഴിപാട് നിർത്തലാക്കുന്നതായുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് ഇന്നലെ വൈകുന്നേരം ലഭിച്ചതായി തന്ത്രി ചേന്നാസ് നാരായണൻ നന്പൂതരിപ്പാട് അറിയിച്ചു.
തന്ത്രിയുടെ എതിർപ്പിനെ തുടർന്ന് പുതിയ വഴിപാട് തുടങ്ങിയത് വിവാദമയാതോടെ സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിനെ ബന്ധപെട്ടത്. മന്ത്രിയുടെ കർശന നിർദേശത്തെത്തുടർന്ന് ചെയർമാൻ തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാടിന്റെ വസതിയെിലത്തി ഒരു മണിക്കൂറോളം ചർച്ച നടത്തി.
പുതിയ വഴിപാട് ആരംഭിച്ചത് തന്ത്രിയെ അറിയിക്കാതിരുന്നത് ശരിയായില്ലെന്ന് ചെയർമാൻ തന്ത്രിയെ ബോധ്യപ്പെടുത്തി. അറിയിക്കാതിരുന്നത് മനപൂർവമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്ത്രിയുമായി കൂടിയാലോചനകൾ ഉണ്ടാകും. തന്ത്രിയുടെ പ്രവർത്തന മേഖലയിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ദേവസ്വം ചെയർമാൻ കെ.ബിമോഹൻദാസ് ആദ്യ പറചൊരിഞ്ഞ് കൊണ്ടായിരുന്നു വഴിപാടിന് തുടക്കം കുറിച്ചത്. എന്നാൽ, തന്ത്രി അറിയാതെ ആരംഭിച്ച വഴിപാട് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാട് അഡ്മിനിസ്ട്രേറ്റർക്കു കത്ത് നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച ക്ഷേത്രത്തിൽ ഭഗവതിയുടെ കലശച്ചടങ്ങിനിടെ തന്ത്രി ചെയർമാൻ തർക്കം വിവാദമായതിനു പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങളുണ്ടാകുന്നതിൽ പാർട്ടി നേതൃത്വവും മന്ത്രിയും ചെയർമാന്റെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചതായണ് അറിയുന്നത്.