ഗുരുവായൂർ: ക്ഷേത്രാചാരങ്ങൾ പാലിക്കാതെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദഉൗട്ട് നൽകാനുള്ള തീരുമാനം പിൻവലിക്കാൻ ആലോചന.തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാട് അഡ്മനിസ്ട്രേറ്റർക്ക് കത്തുനൽകിയിരുന്നു.കത്തിന്റെ പകർപ്പ് മന്ത്രി ദേവസ്വം കമ്മീഷണർ എന്നിവർക്കും നൽകിയിട്ടുണ്ട്.
ഭരണസമിതിയുടെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.ഭക്തജനങ്ങളും വിവിധ സംഘടനകളും പ്രതിഷേധവുമായി എത്തിയതോടെ തീരുമാനം പിൻവലിക്കാനാണ് ഭരണസമിതി ആലോചിക്കുന്നത്.ഇക്കാര്യം പുനപരിശോധിക്കണമെന്ന് പാർട്ടി നേതൃത്വവും ആവശ്യപ്പെട്ടതായാണറിയുന്നത്.
ഷർട്ട്,പാന്റ്,ബനിയൻ,ചെരുപ്പ് എന്നിവ ധരിച്ച് എത്തുന്നവർക്കും, എല്ലാ വിഭാഗം ജനങ്ങൾക്കും പ്രസാദഉൗട്ട് കഴിക്കാൻ അനുവദിക്കാനണ് ഭരണസമിതി തീരുമാനിച്ചത്.ദശാബ്ദങ്ങൾ ക്ഷേത്രത്തിനുള്ളിൽ നടത്തിയിരുന്ന പ്രസാദഉൗട്ട് 2015ലാണ് പുറത്തേക്ക് മാറ്റിയത്.ക്ഷേത്രാചാരങ്ങൾ പാലിച്ചുതന്നെയാണ് പുറത്തും പ്രസാദഉൗട്ടു നൽകിയിരുന്നത്.ഇതിന് മാറ്റം വരുത്തിയാണ് ഭരണസമിതിയുടെ പുതിയ തീരുമാനം പുറത്തുവന്നത്.
പൂജകളും,ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിൽ പരമാധാകാരി ക്ഷേത്രം തന്ത്രിയാണ്.തന്ത്രി ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ തീരുമാനം മാറ്റാനാണ് സാധ്യത.ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ഭരണസമിതി ഇതുസംബന്ധിച്ച് തീരുമാനം എടുക്കും.