ഗുരുവായൂർ; ഏറെക്കാലത്തെ കാത്തിരുപ്പിന് ശേഷം റെയിൽവേ സ്റ്റേഷനിൽ പ്രിപെയ്ഡ് ഓട്ടോ സംവിധാനം നിലവിൽ വന്നു.ആദ്യ യാത്രക്കാരന് പനിനീർ പുഷ്പം നൽകി പ്രീ പെയ്ഡ് ഓട്ടോയുടെ ആദ്യ യാത്രയുടെ ഉദ്ഘാടനം കെ.വി.അബ്ദുൾ ഖാദർ എംഎൽഎ നിർവഹിച്ചു. കണ്ണൂർ സ്വദേശിയും തൃശൂർ എസ്ബിഐ ഉദ്യോഗസ്ഥനുമായ ബിജേഷായിരുന്നു ആദ്യ യാത്രക്കാരൻ.
തുടർന്ന നടന്ന യോഗം കെ.വി.അബ്ദുൾ ഖാദർ എംഎഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സണ്‍ വി.എസ്.രേവതി അധ്യക്ഷയായി.നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് ചന്ദ്രൻ, സതേണ്‍ റെയിൽവേ ഉദ്യോഗസ്ഥൻ പ്രസൂണ്‍ കുമാർ,സ്റ്റേഷൻ സൂപ്രണ്ട് സി.ജയരാജ്,ടെന്പിൾ സിഐ സി.പ്രേമാനന്ദകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്.ഷെനിൽ, വാർഡ് കൗണ്‍സിലർ ശ്രീദേവി ബാലൻ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.രാധകൃഷ്ണൻ, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.കെ.പ്രകാശൻ യൂണിയൻ നേതാക്കളായ ടി.എസ്.ദാസൻ, ഗോപി മനയത്ത്, സേതു തിരുവെങ്കിടം എന്നിവർ പ്രസംഗിച്ചു.
പ്രീ പെയ്ഡ് കൗണ്ടറിൽ പോലീസാണ് ബിൽ അടിച്ചു നൽകുന്നത്.ഒന്നര കിലോമീറ്റർ ദൂരത്തേക്ക് ഉള്ള സ്ഥലങ്ങളിലേക്ക്് മിനിമം ചാർജായ 25രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.ഇതിനു പുറമെ സർവീസ് ചാർജായി രണ്ടു രൂപയും നൽകണം.രാത്രി 10 മുതൽ പുലർച്ചെ ആറുവരെ മിനിമം ചാർജ് 38 രൂപയാണ് സർവീസ് ചാർജ് രണ്ടു രൂപയും നൽകണം. 34 ഓട്ടോറിക്ഷകളും 18 ഓട്ടോ ടാക്സികളും റെയിൽവേയുടെ പെർമിറ്റ് എടുത്തിട്ടുണ്ട്. ഇന്ന് മുതൽ റെയിൽവേയുടെ പെർമിറ്റ് ഇല്ലാത്ത വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.
രണ്ടു വർഷം മുന്‍പ് തുടങ്ങിവച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പിലാകുന്നത്.പ്രിപെയ്ഡ് ഓട്ടോറിക്ഷക്ക് ആവശ്യമായ കൗണ്ടറും കന്പ്യൂട്ടർ സംവിധാനവും നൽകിയത് ഗുരുവായൂരിലെ റോട്ടറി ക്ലബ്ബ് ഓഫ് ഹെറിറ്റേജാണ്.റെയിൽവേ സ്റ്റേഷിനിൽ നഗരസഭക്കുവേണ്ടി അരലക്ഷം അടച്ചത് ലോഡ്ജ് ഓണേഴ്സ് അസോസിയേഷനാണ്.
ഇക്കഴിഞ്ഞ നവംബർ ഒന്നു മുതൽ തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും ഒരു വിഭാഗം ഓട്ടോകളുടെ എതിർപ്പും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കത്തതും കാരണം നീണ്ടു പേവുകയായിരുന്നു. പ്രിപെയ്ഡ് ഓട്ടോ സംവിധാനം നിലവിൽ വന്നത് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഏറെ ഉപയോഗപ്രദമായി.