ഗുരുവായൂർ: കേരള ചരിത്രത്തിന്റെ നവോത്ഥാനത്തിന് പ്രധാന പങ്കു വഹിച്ച് ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓർമയ്ക്കു ഇന്ന് 86.കേരള ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹം കെ.കേളപ്പൻ,മന്നത്ത് പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ 1931 നവംബർ ഒന്നിനാണ് തുടങ്ങിയത്.
സത്യഗ്രഹത്തിന് മുന്നോടിയായി 1931 ഒക്ടോബർ 21ന് സത്യഗ്രഹ പ്രചരണ ജാഥ പയ്യന്നൂരിൽ നിന്ന് എ.കെ.ഗോപാലൻ ജാഥാ ക്യാപ്റ്റനായി സുബ്രഹ്മണ്യൻ തിരുമുന്പിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. ഒക്ടോബർ 31ന് ജാഥ ഗുരുവായൂരിൽ എത്തി. ജാഥക്ക്് വൻ വരവേൽപ്പ് നൽകി. 1931 നവംബർ ഒന്നിന് കെ.കേളപ്പന്റേയും മന്നത്ത് പത്മനാഭന്റേയും നേതൃത്വത്തിൽ സത്യഗ്രഹം തുടങ്ങി.
സത്യഗ്രഹികളെ നേരിടാൻ ക്ഷേത്രം അധികൃതർ തയ്യാറായി സമരക്കാരെ തടഞ്ഞെങ്കിലും നാമജപത്തോടെ സമരം തുടർന്നു. ജാഥാ ക്യാപ്റ്റനായ എ.കെ.ജി ക്ക് ക്രൂര മർദ്ധനമേൽക്കേണ്ടി വന്നു.
സത്യഗ്രഹത്തിന്റെ ഏഴാം ദിവസം സുബ്രഹ്മണ്യൻ തിരുമുന്പ് അറസ്റ്റിലായി. ക്ഷേത്രശ്രീകോവിലിനു മുന്നിലെ മണി അടിച്ചതിന് കൃഷ്ണപിള്ളക്കും മർദ്ധനമേറ്റു. സമരം കൂടുതൽ ശക്തമായതോടെ അധികൃതർ ഗുരുവായൂർ ക്ഷേത്രം അടച്ചിട്ടു. സത്യാഗ്രഹം മാസങ്ങൾ പിന്നിട്ടതോടെ കെ.കേളപ്പൻ നിരാഹാര സത്യാഗ്രഹം തുടങ്ങി. കേളപ്പന്റെ ആരോഗ്യ നിലവഷളായതിനെ തുടർന്ന് മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഒക്ടോബർ രണ്ടിന് നിരാഹാരസമരം അവസാനിപ്പിച്ചു.
തുടർന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പൊന്നാനി താലൂക്കിൽ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് ഹിത പരിശോധന നടത്തി. 77ശതമാനം പേരും ക്ഷേത്രപ്രവേശനത്തിനനുകൂലമായി വിധിയെഴുതി. 1934 ൽ ഗാന്ധിജി ഗുരുവായൂരിലെത്തി അയിത്തോച്ചാടനത്തിനെതിരെ പ്രസംഗിച്ചു. 1936 നവംബർ 12ന് തിരുവിതാം കൂർ രാജാവായിരുന്ന ചിത്തിരതിരുന്നാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തി. എന്നാൽ സാമൂതിരി രാജാവ് അതിനെ അനുകൂലിച്ചില്ല.
പിന്നീട് മദിരാശി സർക്കാർ ക്ഷേത്ര പ്രവേശന ബിൽ പാസ്സാക്കിയതിന് ശേഷം 1947 ജൂണിലാണ് എല്ലാ വിഭാഗം ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം സാധ്യമായത്. ഗുരുവായൂർ സത്യഗ്രഹത്തിന്റെ സ്മരണ പുതുക്കുന്നതിന് ഇന്ന് ഗുരുവായൂരിൽ ഗുരുവായൂർ നഗരസഭയുടേയും വിവിധ സംഘടനകളുടേയും ആഭിമുഖ്യത്തിൽ വിവധ പരിപാടികൾ നടക്കും.
നഗരസഭയുടെ നേതൃത്വത്തിൽ ഉച്ചതിരിഞ്ഞ് 3.30ന് നഗരസഭ ലൈബ്രറിഹാളിൽ സെമിനാർ നടക്കും.സാംസ്കാരിക പ്രവർത്തകൻ ഡോ.പ്രകാശ് ബാബു വിഷയാവതരണം നടത്തും.