പെണ്‍കുട്ടിയെയും കുടുംബത്തെയും മാനസികമായി തകര്‍ക്കാനാണ് വരന്‍ ശ്രമിക്കുന്നതെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി വരന്റെ വേഷം കെട്ടേണ്ടിവന്ന് അപമാനിതനായ ഷിജില്‍ രംഗത്ത്. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഷിജില്‍ തന്നെയാണ് വ്യക്തമാക്കിയത്. വിവാഹസ്വപ്നങ്ങളുമായി ഖത്തറില്‍നിന്ന് നാട്ടിലെത്തിയതാണ് ഷിജില്‍.
‘ആശിച്ച് മോഹിച്ച് വന്ന വിവാഹം ഇങ്ങനെയായി തീര്‍ന്നതിന്റെ ഞടുക്കത്തില്‍ നിന്നും മോചിതനാകാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അരങ്ങേറിയതെല്ലാം ഒരു ദുസ്വപ്നം പോലെ മറക്കാന്‍ ശ്രമിക്കുകയാണ്. കേക്ക് മുറിച്ച് ആഘോഷിച്ചത് മാനസികസമ്മര്‍ദം ഒഴിവാക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയതായിരുന്നു. പ്രണയമുണ്ടോയെന്ന് വിവാഹത്തിന് മുമ്പ് പലതവണ ചോദിച്ചിട്ടും പെണ്‍കുട്ടി പറഞ്ഞില്ല’. ഷിജില്‍ പറയുന്നു. അതേസമയം, വരനെയും ബന്ധുക്കളെയും പ്രണയവിവരം നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും പിതാവും പറയുന്നത്.
ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഷിജില്‍ രണ്ടു മാസം അവധിയെടുത്താണു വിവാഹത്തിനായി നാട്ടിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന മിന്നുകെട്ടലിനു ശേഷം തൊഴാന്‍ നില്‍ക്കുമ്പോള്‍ തനിക്കു കാമുകനുള്ള കാര്യം നവവധു ഷിജിലിനോടു വെളിപ്പെടുത്തുകയും തുടര്‍ന്ന് താലികൂടി ഊരിക്കൊടുത്തശേഷം വധു കാമുകന്റെ കൂടെ ഇറങ്ങിത്തിരിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ചിട്ടും വധു അനുസരിച്ചില്ല. സംഭവം സംഘര്‍ഷത്തിലേയ്ക്ക് വഴിമാറിയതോടെ പോലീസ് ഇടപെടുകയും നഷ്ടപരിഹാരം നല്‍കാമെന്ന പെണ്‍കൂട്ടരുടെ ഉറപ്പിനെതുടര്‍ന്ന് രംഗം ശാന്തമാവുകയുമായിരുന്നു. ജീവിതത്തിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഷിജിലും കുടുംബവും.