ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രസാദഊട്ട് സ്റ്റീൽ പ്ലേറ്റിൽ നൽകിത്തുടങ്ങി. ഇന്നുരാവിലെ ദേവസ്വം ചെയർമാൻ എൻ. പീതാംബരക്കുറുപ്പ്, ഭരണസമിതി അംഗങ്ങളായ കെ. കുഞ്ഞുണ്ണി, എ. സുരേശൻ, സി. അശോകൻ, അഡ്മിനിസ്ട്രേറ്റർ സി.സി. ശശീധരൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ് തുടങ്ങിയവർ ഇന്നുരാവിലെ അന്നലക്ഷ്മി ഹാളിൽ പ്രസാദഊട്ട് കഴിച്ച് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഗുരുവായൂർ നഗരസഭയിൽ ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിൽനിന്നും അതുപോലെയുള്ള സ്ഥാപനങ്ങളിൽനിന്നും വാഴയിലകൾ ശേഖരിക്കുന്നത് നിർത്തലാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂർ ദേവസ്വം പ്രസാദ ഊട്ട് സ്റ്റീൽ പ്ലേറ്റിൽ നൽകാൻ തീരുമാനിച്ചത്.
ഇപ്പോൾ സാധാരണ ദിവസങ്ങളിൽ 5000ത്തോളം പേരും ശനി, ഞായർ ദിവസങ്ങളിൽ അതിലേറെ പേരും പ്രസാദ ഊട്ട് കഴിക്കാറുണ്ട്. ഇപ്പോൾ ദേവസ്വത്തിൽ സ്റ്റോക്കുള്ള സ്റ്റീൽ പ്ലേറ്റാണ് ഉപയോഗിക്കുന്നത്.