കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ട് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വാഴയിലയിൽത്തന്നെ നടത്താൻ ഹൈക്കോടതി നിർദേശം. പ്രസാദമൂട്ടിനുശേഷം വാഴയിലയടക്കമുള്ള മാലിന്യങ്ങൾ ഗുരുവായൂർ നഗരസഭ കാലതാമസമില്ലാതെ നീക്കം ചെയ്യണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. പ്രസാദമൂട്ടിനു വാഴയിലയ്ക്കു പകരം സ്റ്റീൽ പ്ലേറ്റ് ഉപയോഗിക്കുന്നതിനെതിരേ ചെറായി സ്വദേശി രാജേഷ് എ. നായർ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പ്രസാദമൂട്ടിനു സ്റ്റീൽ പ്ലേറ്റുകൾ ഉപയോഗിക്കാൻ ജൂലൈ ഒന്നിനാണ് ക്ഷേത്രം അധികൃതർ തീരുമാനമെടുത്തത്. വാഴയിലയുൾപ്പെടെയുള്ള മാലിന്യങ്ങൾ ഏറ്റെടുത്തു സംസ്കരിക്കാനാവില്ലെന്നു ഗുരുവായൂർ നഗരസഭ അറിയിച്ചതിനെത്തുടർന്നായിരുന്നു തീരുമാനം.
എന്നാൽ, ഭക്തരുടെ വിശ്വാസത്തിനും ക്ഷേത്രാചാരത്തിന്റെ പവിത്രതയ്ക്കും യോജിക്കുന്നതു വാഴയിലയാണെന്നും ഗുരുവായൂർ ദേവസ്വം നിയമപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു. തന്ത്രിയാണ് ആചാരാനുഷ്ഠാനങ്ങളിലെ അവസാന വാക്കെന്നിരിക്കെ ദേവസ്വം ഇത്തരമൊരു തീരുമാനമെടുത്തതു ശരിയായില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം മൂന്നു വരെയാണു പ്രസാദമൂട്ട് നടത്തുന്നത്. സാധാരണ ദിനങ്ങളിൽ 2,000 പേരും വിശേഷ ദിനങ്ങളിലും അവധിദിനങ്ങളിലും 25,000 മുതൽ 50,000 പേർ വരെയും പ്രസാദമൂട്ടിൽ പങ്കെടുക്കുന്നുണ്ട്.
പ്രസാദമൂട്ടിനുള്ള പ്ലേറ്റുകൾ ഓരോ തവണയും കഴുകാനായി വെള്ളത്തിൽ മുക്കിയെടുക്കുകയാണു ചെയ്യുന്നതെന്നും ഇതു മൂലം പാത്രങ്ങൾ വൃത്തിയാകുന്നില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് ഗുരുവായൂർ ദേവസ്വമടക്കമുള്ള എതിർകക്ഷികൾ മറുപടി സത്യവാങ്മൂലം നൽകാനും നിർദേശിച്ചിട്ടുണ്ട്.