ഗുരുവായൂർ: ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു പ്രസാദം വാങ്ങാൻ വരിനിന്ന എഴുപതുകാരിയുടെ നേർക്കു ജീവനക്കാരന്റെ അക്രമം. നിലത്തുവീണ് തുടയെല്ല് ഒടിഞ്ഞ എരമംഗലം കിഴക്കേവളപ്പിൽ കുഞ്ഞുലക്ഷ്മിയമ്മയെ (70) ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മരുമകൾ രത്നവുമൊത്ത് പടിഞ്ഞാറെനടയിലെ പ്രസാദ കൗണ്ടറിൽ വരിനിൽക്കുകയായിരുന്നു. വരിയിൽ തിരക്കു കൂട്ടുന്നതായി ആരോപിച്ചു ജീവനക്കാരൻ ഇവരെ തള്ളിയിടുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. ചവിട്ടുകല്ലിൽ വീണ കുഞ്ഞുലക്ഷ്മിയമ്മയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടയെല്ലിൽ സ്റ്റീൽ റോഡിട്ട കുഞ്ഞുലക്ഷ്മിയമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സാധുകുടുംബാംഗമായ ഇവർ ആരോഗ്യ ഇൻഷ്വറൻസ് കാർഡിലാണു ചികിത്സ നടത്തുന്നത്. അഡ്മിനിസ്ട്രേറ്റർക്കും പോലീസിലും പരാതി നൽകിയതനുസരിച്ച് അന്വേഷണം ആരംഭിച്ചു.
ഭക്തയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാണ്. രണ്ടു വർഷം മുന്പ് ക്ഷേത്ര നാലന്പലത്തിനുള്ളിൽ ഭക്തയേയും മകനേയും മർദിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോഴത്തെ സംഭവത്തിനെതിരേ ഭക്തസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.