കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കാൻ താല്കാലിക ജീവനക്കാർക്കു പകരം പോലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശി കെ.എസ്. സുബോധാണു കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്.
നിർമാല്യം തൊഴാനുള്ള ക്യൂവിലേക്കു താല്കാലിക ജീവനക്കാർ സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നതുമൂലം ഭക്തർക്കു മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നെന്നും ചോദ്യം ചെയ്താൽ ഇവർ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയാണെന്നും ഹർജിയിൽ പറയുന്നു.
ഹർജിക്കാരനായ സുബോധ് ഫെബ്രുവരി 22നു രാത്രി ഒന്പതിന് തൊട്ടടുത്ത ദിവസത്തെ നിർമാല്യം തൊഴാൻ ക്യൂവിൽ നിന്നു. രാത്രി ഒന്നോടെ ശരീരശുദ്ധി വരുത്താനായി നിലവിലെ സംവിധാനമനുസരിച്ചു ടോക്കണെടുത്തു പോയി മടങ്ങി വന്നപ്പോൾ താല്കാലിക ജീവനക്കാർ ക്യൂവിൽ നിൽക്കാൻ അനുവദിച്ചില്ലെന്നും ചോദ്യം ചെയ്ത തന്നെ തള്ളിത്താഴെയിട്ടെന്നും ഹർജിയിൽ പറയുന്നു.
ക്ഷേത്രത്തിലെ ക്യൂ കോംപ്ലക്സിലും മറ്റു പ്രധാന സ്ഥലങ്ങളിലും സിസിടിവികൾ സ്ഥാപിക്കണമെന്നും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പരാതികൾ പരിഹരിക്കാൻ ഓഫീസറെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.