ഗുരുവായൂർ: മണ്ഡലകാലത്തി ന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തർക്കു പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു.
ഓണ്‍ലൈൻ ബുക്കിംഗ് ഇല്ലാതെതന്നെ അയ്യപ്പഭക്തർക്ക് ദർശനം നടത്താനാകും. മണ്ഡലകാല ആരംഭ ദിവസമായ ചൊവ്വാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂർ നേരത്തെ 3.30 നു തുറക്കും.
അയ്യപ്പഭക്തർക്കു നാളെമുതൽ ദർശനത്തിനു പ്രത്യേകവരി സംവിധാനം ഏർപ്പെടുത്തും. കിഴക്കേനടയിലെ ജനറൽ വരിക്കു സമീപമാണ് അയ്യപ്പഭക്തർക്കുള്ള പ്രത്യേക
വരി. ക്ഷേത്രത്തിൽ കെട്ടുനിറയ്ക്കാനുള്ള സംവിധാനം 16 മുതൽ തുടങ്ങും. കിഴക്കേനടയിൽ ഇൻഫർമേഷൻ സെന്റർ തുടങ്ങും. വിവിധഭാഷകളിൽ അനൗൺസ് മെന്റും ഉണ്ടാകും.
മണ്ഡലകാല പൂജകൾക്ക് ചൊവ്വാഴ്ച തുടക്കമാവും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്കു ചൊവ്വാഴ്ച തുടക്കമാവും. മണ്ഡലകാലത്ത് ആദ്യ മുപ്പതു ദിവസം ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് അഞ്ചു പ്രദക്ഷിണം ഉണ്ടാകും.
40 ദിവസം ഉച്ചപൂജയ്ക്കു മുന്‍പ് ഗുരുവായൂരപ്പന് പഞ്ചഗവ്യാഭിഷേകം ഉണ്ടാകും. ക്ഷേത്രം തന്ത്രിയാണ് ആദ്യദിവസം ഗുരുവായൂരപ്പനു പഞ്ചഗവ്യാഭിഷേകവും ഉച്ചപൂജയും നിർവഹിക്കുക.
പിന്നീടുള്ള ദിവസങ്ങളിൽ ക്ഷേത്രം ഓതിക്കന്മാരാണ് ഉച്ചപൂജ നടത്തുക. മണ്ഡലം 41-ാം ദിവസം കളഭാട്ടമാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ വക വഴിപാടായാണു കളഭാഭിഷേകം.