ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന് 1262.78 കോടിയുടെ സ്ഥിരനിക്ഷേപമുള്ളതായി ദേവസ്വം ചെയർമാൻ എൻ. പീതാംബര കുറുപ്പ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ അവസാന യോഗത്തിനുശേഷം ഭരണസമിതിയുടെ നേട്ടങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.
മാസം 3.26 കോടി ശന്പള ഇനത്തിലും 90 ലക്ഷം പെൻഷൻ ഇനത്തിലും ദേവസ്വം നൽകുന്നുണ്ട്. ജീവനക്കാർക്കു ഹൗസ് ലോണായി 1.30 കോടിയും വ്യക്തിഗത ലോണായി 1.61 കോടിയും വിതരണം ചെയ്തിട്ടുണ്ട്. 51 ആനകളുടെ പരിചരണത്തിനു വർഷം 2.10 കോടിയാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ജീവനക്കാർക്കും ഭക്തർക്കുമായി നിരവധി കാര്യങ്ങൾ നടപ്പിലാക്കാനായെന്നും അദ്ദേഹം അറിയിച്ചു.
ദേവസ്വം ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തി. ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടതു സർക്കാരാണ്. പെൻഷൻകാർക്കു പെൻഷൻ ഫണ്ടിനായി 160 കോടി സ്ഥിരനിക്ഷേപമാക്കിയിട്ടുണ്ട്. അമ്മമാർക്കും സ്ത്രീകൾക്കും അഗതികൾക്കും താമസിക്കാൻ കുറൂരമ്മ ഭവനം ആരംഭിച്ചു. ഇതിന്റെ വിപുലീകരണത്തിനു 90 ലക്ഷം നീക്കിവച്ചു.
നെന്മിനി ബലരാമക്ഷേത്രത്തിൽ കല്യാണമണ്ഡപം, വെർമാനൂർ, പൂന്താനം ക്ഷേത്രങ്ങളിൽ നടപ്പുര നിർമാണം എന്നിവ നടപ്പാക്കി. ആനകൾക്കു ഷെൽട്ടർ നിർമാണം, തിരുത്തിക്കാട്ടുപറന്പിൽ ആശുപത്രി നിർമാണത്തിനായി 50 കോടി നീക്കിവച്ചു. ദേവസ്വം മതഗ്രന്ഥശാല ആധുനികവത്കരിച്ചു. വൈജയന്തി കെട്ടിടത്തിൽ ചുമർചിത്ര കേന്ദ്രത്തിന്റെ ആർട്ട് ഗാലറി ആരംഭിച്ചു. ദേവസ്വം വസ്തുവഹകൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചതായും ചെയർമാൻ അറിയിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ. എ. സുരേശൻ, കെ.കുഞ്ഞുണ്ണി, പി.കെ. സുധാകരൻ, സി. അശോകൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.