ഗുരുവായൂർ: ആയിരം രൂപയ്ക്ക് നെയ്വിളക്ക് വഴിപാടു ശീട്ടാക്കുന്നവർക്ക് പ്രത്യേക ദർശന സൗകര്യവും പ്രസാദകിറ്റും നൽകാൻ ഭരണസമിതി തീരുമാനിച്ചു.നാളെ മുതൽ ഈ സംവിധാനം നിലവിൽവരും. നെയ്വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്ക് വരി നിൽക്കാതെ കൊടിമരത്തിനു മുന്നിലൂടെ ദർശനസൗകര്യം ഒരുക്കും. ദർശനത്തിനുശേഷം ഗോപുരത്തിൽനിന്ന് പ്രസാദ കിറ്റും നൽകും.
നിലവിൽ 4500 രൂപക്ക് നെയ്വിളക്ക് ശീട്ടാക്കിയാൽ അഞ്ചുപേർക്ക് ദർശനസൗകര്യം നൽകുന്ന രീതിക്കു പുറമെയാണിത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ദർശനസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭരണസമിതി ഇക്കാര്യം തീരുമാനിച്ചത്. നിലവിൽ നാലും അഞ്ചും മണിക്കൂർ വരിനിന്നാലാണ് ദർശനം നടത്താനാവുക. ഇതു മുതലെടുത്ത് ചിലർ ഭക്തരിൽനിന്ന് വൻ തുക ഈടാക്കി ദർശനത്തിന് സൗകര്യം ഒരുക്കുന്നുണ്്.
ഇത്തരം ചൂഷണം അവസാനിപ്പിക്കുന്നതിനും പുതിയ തീരുമാനം വഴി സാധിക്കുമെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ.
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉദയാസ്തമന പൂജ കൂടുതൽ ഭക്തർക്ക് നടത്താൻ കഴിയുന്നതുപോലെ ക്രമീകരിക്കുന്ന വിഷയം അടുത്ത ഭരണസമിതി യോഗത്തിൽ തീരുമാനിക്കും.
ഭരണസമിതി യോഗത്തിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, എം. വിജയൻ, കെ.കെ. രാമചന്ദ്രൻ, പി.ഗോപിനാഥൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റർ സി.സി. ശശീധരൻ എന്നിവർ പങ്കെടുത്തു.