കണ്ണൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാർ ഈ വിഷയത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം വിഷയങ്ങളിൽ നിശബ്ദമായ സാമൂഹിക വിപ്ലവമാണ് എൽഡിഎഫ് നടത്തുന്നതെന്നും വ്യക്തമാക്കി.
ക്ഷേത്രപ്രവേശന വിഷയത്തിൽ സർക്കാരാണ് മുൻകൈയെടുക്കേണ്ടതെന്നായിരുന്നു തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി അഭിപ്രായപ്പെട്ടത്. തന്ത്രിയുടെ അഭിപ്രായത്തെ അനുകൂലിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഐ എംപി സി.എൻ.ജയദേവൻ എന്നിവർ രംഗത്തെത്തിയിരുന്നു. തന്ത്രിയുടെ നിലപാടിനെ കടകംപള്ളി സ്വാഗതം ചെയ്തപ്പോൾ അഹിന്ദുക്കളായ എല്ലാ വിശ്വാസികളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ജയദേവൻ എംപി ആവശ്യപ്പെട്ടത്.
അനാവശ്യ വിവാദങ്ങൾ ഭയന്നാണ് ഭരണസമിതികൾ ഈ വിഷയത്തിൽ തീരുമാനമെടുക്കാത്തതെന്നു പറഞ്ഞ എംപി, തീരുമാനങ്ങളെടുക്കണമെങ്കിൽ ഭരണസമിതിയ്ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗായകൻ കെ.ജെ.യേശുദാസിന് ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്.
ആചാരങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് മാറുമെന്നും മാറ്റങ്ങൾ അറിഞ്ഞ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നുമായിരുന്നു തന്ത്രി നേരത്തെ അഭിപ്രായപ്പെട്ടത്. തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നു പറഞ്ഞ അദ്ദേഹം സർക്കാർ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാൻ തയാറാണെന്നും അറിയിച്ചിരുന്നു.