ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ ഇനി വേഗത്തിലാകും. നോട്ട് എണ്ണുന്നതിനുള്ള മെഷീൻ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചു.
ടിവിഎസ് ഗ്രൂപ്പാണ് ശ്രീഗുരുവായൂരപ്പനു വഴിപാടായി നോട്ടെണ്ണൽ യന്ത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിന് 17 ലക്ഷം വിലവരും. പത്തുമുതൽ 500 രൂപ കറൻസികൾ വരെ വേഗത്തിൽ എണ്ണി തിട്ടപ്പെടുത്താൻ കഴിയും.
നോട്ടുകൾ തരംതിരിച്ചു മെഷീനിലെ ട്രെയിൽ വച്ചാൽ കൃത്യമായി എണ്ണി തിട്ടപ്പെടുത്തും.കള്ള നോട്ടുകൾ ഉൾപ്പെടെ, സ്വീകരിക്കാൻ കഴിയാത്ത നോട്ടുകൾ മെഷീൻ നിരസിക്കും.
അതിന്റെ കാരണം മെഷീനിലെ സ്ക്രീനിൽ തെളിയും. നിലവിൽ ഒരു മെഷീൻ ഉണ്ടെങ്കിലും കാലപ്പഴക്കം കാരണം ഇത് ഇടയ്ക്കിടെ പണിമുടക്കും.