ഗുരുവായൂർ: ചിങ്ങമാസത്തിലെ വിവാഹമുഹൂർത്തം കൂടുതലുള്ള എട്ടിന് ക്ഷേത്ര സന്നിധിയിൽ 328 വിവാഹങ്ങളാണ് ഇതുവരെ ശീട്ടാക്കിയിട്ടുള്ളത്. ഇത് ഗുരുവായൂരിലെ റിക്കാർഡ് വിവാഹമാകും.
ഇതിനുമുമ്പ് 277 വിവാഹങ്ങൾ നടന്നതാണ് റിക്കാർഡ്. 318 വിവാഹങ്ങൾ ഭംഗിയായി നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം നടപടികൾ ആരംഭിച്ചു.
വിഷുക്കണി ദർശനദിവസം ഒരുക്കുന്ന ക്രമീകരണങ്ങൾക്കു സമാനമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. അഞ്ച് വിവാഹമണ്ഡപങ്ങളിലായി ഒരേസമയം അഞ്ച് വിവാഹങ്ങൾ നടത്തും.
കിഴക്കേനടയിൽ വൺവെ സംവിധാനം ഏർപ്പെടുത്തും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ രണ്ട് ഭാഗത്തായി ദർശനത്തിനും വിവാഹപാർട്ടിക്കർക്കും സംവിധാനങ്ങൾ ഏർപ്പെടുത്തും.
വിവാഹം കഴിയുന്നവരെ തെക്കേ ഭാഗത്തേക്ക് കടത്തിവിടും. ദീപസ്തംഭത്തിന് മുന്നിൽ ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. വിവാഹ മണ്ഡപത്തിലേക്ക് പ്രവേശവിക്കുന്നവരുടെ എണ്ണത്തിലും നിബന്ധനകൾ കർശനമാക്കും.
അന്നത്തെദിവസം വാഹന പാർക്കിംഗിനായി ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ തുറന്നുകൊടുക്കും. ദേവസ്വം, പോലീസ്, നഗരസഭ എന്നിവർ ഒരുമിച്ച് തിരക്ക് ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.