ഗുരുവായൂർ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഗുരുവായൂരിൽ വിവാഹങ്ങൾ തുടങ്ങി. ഇന്നു രാവിലെ 6.30 നായിരുന്നു ആദ്യ വിവാഹം. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി അരുണ് അരവിന്ദാക്ഷനും തൃശൂർ പെരിങ്ങാവ് സ്വദേശി അല ബി.ബാലയുമായി ആദ്യ വധൂവരന്മാർ.
പത്തുപേരടങ്ങുന്ന വിവാഹസംഘം കിഴക്കേനട വഴി ക്ഷേത്രനടയിലെത്തി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇരുന്നു. തുടർന്നു ദേവസ്വം അധികൃതർ പേരു വിളിക്കുന്നതനുസരിച്ചു വരനും വധുവും ബന്ധുക്കളും അടക്കം 10 പേരെ തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിച്ചശേഷം വിവാഹ മണ്ഡപത്തിലേക്കു കടത്തിവിട്ടു.
തുടർന്നായിരന്നു താലിക്കെട്ട്. ചടങ്ങ് നടത്തുന്ന കോയ്മ ഉൾപ്പെടെ എല്ലാവരും മാസ്കു ധരിച്ചാണ് ചടങ്ങ് നടത്തിയത്. താലി ചാർത്തുന്ന സമയത്തു വരനും വധുവും മാസ്ക് അഴിച്ചു മാറ്റി. പിന്നീട് വീണ്ടും മാസ്കു ധരിച്ചു.
ദേവസ്വത്തിന്റെ ഒൗദ്യോഗിക ഫോട്ടോഗ്രാഫർമാർ ചടങ്ങു വീഡിയോയിലും കാമറയിലും പകർത്തി നൽകി. വിവാഹ ശേഷം കിഴക്കേ ഗോപുരത്തിനു മുന്നിൽ ദീപസ്തംഭത്തിനു സമീപംനിന്നു ദർശനം നടത്തിയ ശേഷം തെക്കേ നടവഴി വിവാഹപാർട്ടിക്കാർ പുറത്തേക്കു പോകും.
ഇന്ന് ഒന്പതു വിവാഹങ്ങളാണു നടന്നത്. ഇതുവരെ 68 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. 73 ദിവസത്തിനു ശേഷം നടക്കുന്ന വിവാഹങ്ങളുടെ ക്രമീകരണങ്ങൾ നോക്കി കാണാനായി ആദ്യവിവാഹം നടക്കുന്ന സമയത്തു ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശങ്കർ, മാനേജർ പി. മനോജ് എന്നിവർ എത്തിയിരുന്നു.