ഗുരുവായൂർ: 80 ദിവസത്തിനുശേഷം ഭക്തർക്കു നാളെ മുതൽ ക്ഷേത്രത്തിൽ ദർശനത്തിനെത്താം. ഇതിനുള്ള ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു. ഇന്നലെ വൈകിട്ട് ഏഴുവരെ 522 പേർ ബുക്കിംഗ് നടത്തിയിട്ടുണ്ട്.
ഇതിൽ 171 പേർ നാളെ ദർശനം നടത്തുന്നതിനുള്ളവരാണ്. 600 പേരെയാണ് ഒരു ദിവസം ദർശനത്തിന് അനുവദിക്കുക. നാലന്പലത്തിനകത്തേക്കു ഭക്തരെ പ്രവേശിപ്പിക്കില്ല. കിഴക്കേ ഗോപുരം വഴി ചുറ്റന്പലത്തിൽ കടന്ന് ജീവനക്കാരുടെ പ്രവേശന കവാടം വഴി ഭക്തർക്ക് കണ്ണന്റെ വാതിൽമാടത്തിന് മുന്നിൽ നിന്ന് ദർശനം നടത്താം.
തുടർന്ന് അയ്യപ്പന്റെ ക്ഷേത്രം വഴി കടന്ന് പടിഞ്ഞാറെ നടവഴിയോ, ഭഗവതി ക്ഷേത്രത്തിന്റെ വാതിൽ വഴിയോ പുറത്തു കടക്കാം. ദേവസ്വത്തിന്റെ മെയിൽ വഴി ലഭിക്കുന്ന ക്യു ആർ കോഡും ദർശന ടോക്കന്റെ പ്രിന്ററും തിരിച്ചറിയൽ കാർഡുമായി അനുവദിക്കപ്പെട്ട സമയത്തിനു 20 മിനിറ്റ് മുൻപ് ക്യു കോംപ്ലക്സിൽ എത്തണം.
രാവിലെ 9.30 മുതൽ 1.30 വരെയാണ് ദർശനം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാത്രമേ ദർശനം അനുവദിക്കൂ. ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള സംവിധാനം 13 വരെയാണ്. 14 മുതൽ ദേവസ്വം പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
www.guruvayur devsawam.in എന്ന സൈറ്റിലൂടെയാണ് ഭക്തർ ബുക്ക് ചെയ്യേണ്ടത്.
കണ്ണനെ കാണാൻ ഒരു പിടി അവിൽ മാത്രം പോരാ, ഓണ്‍ ലൈൻ ബുക്കിഗും ക്യു ആർ കോഡും വേണം
ഗുരുവായൂർ: ഒരു പിടി അവിലുമായി ഗുരുവായൂരിലെത്തി കണ്ണനെ കണ്ടു പരിഭവങ്ങളും വേദനകളും പങ്കുവച്ചു മടങ്ങുന്ന ഭക്തർക്കിനി പഴയ കാലം ഓർമകൾ മാത്രമാകും. പുതിയ കാലത്ത് അവിലിനു പകരം ക്യുആർ കോഡും ഓണ്‍ലൈൻ ബക്കിംഗും വേണം കണ്ണനെ കാണാൻ.
ഗുരുവായൂരപ്പനെ ഒരു നോക്കു കണ്ടു ദർശന സായൂജ്യം നേടാനായി ഗുരുവായൂരിൽ താമസമാക്കിയവർക്കിനി കടന്പകളേറെയാണ്. കന്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്കു ഗുരുവായൂരപ്പ ദർശനം സാധ്യമാകാത്ത സ്ഥിതിയിലായി കാര്യങ്ങൾ.
കണ്ണനെ കാണുന്നതിനു വേണ്ടി മാത്രം ഗുരുവായൂരിൽ താമസിക്കുന്നതു നൂറു കണക്കിനു ഭക്തരാണ്. ഇവരൊക്കെ പുലർച്ചെയും ഉച്ചക്കും വൈകിട്ടുമായി ദേവസ്വം നൽകുന്ന ഇളവുകൾ അനുസരിച്ചു ദർശനം നടത്തുന്നവരാണ്.
ഗുരുവായൂരിലെ പ്രാദേശികക്കാർക്കും ദർശനത്തിനു ദേവസ്വം സമയക്രമം നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇതൊന്നും ഇല്ലാതായതോടെ ഇവരുടെയെല്ലാം ദർശനം മുടങ്ങുന്ന സ്ഥിതിയാണുള്ളത്.
ഓണ്‍ലൈൻ സംവിധാനം ക്രമീകരിക്കുന്നതിനൊപ്പം പ്രാദേശികക്കാർക്കും കോവിഡ് മാനദണ്ഡ പ്രകാരം 65 വയസിനു താഴെയുള്ള മുതിർന്ന പൗരന്മാർക്കും ദർശന സൗകര്യം ഒരുക്കുന്ന കാര്യം പരിഗണിക്കണമെന്നാണു ഭക്തരുടെ ആവശ്യം.