കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാർ ഭക്തരോട് മോശമായി പെരുമാറുന്നെന്ന പരാതി ഗൗരവമുള്ളതാണെന്നും ഗുരുവായൂർ ദേവസ്വവും സംസ്ഥാന സർക്കാരും ഇതിൽ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി.
കൊച്ചി കടവന്ത്ര സ്വദേശിനി എസ്. മീര നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 2017 ഡിസംബർ 11 ന് ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തുന്നതിനിടെ സെക്യൂരിറ്റി ഗാർഡുമാർ അവഹേളിച്ചെന്നാരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
സുരക്ഷാജീവനക്കാർ ഭക്തരെ അവഹേളിക്കുന്നതു തടയണം, ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്ന തരത്തിൽ മാന്യമായി പെരുമാറുന്ന ഹിന്ദുക്കളെ ഗാർഡുമാരായി നിയോഗിക്കണം, സെക്യൂരിറ്റി ഗാർഡുകൾക്ക് നിർബന്ധമായും തിരിച്ചറിയൽ കാർഡും നെയിം പ്ലേറ്റും ഏർപ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.
ഭക്തരുടെമേൽ അതിക്രമം ആരോപിക്കുന്ന മറ്റൊരു ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. ഡിജിപിയെയും തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ടിനെയും ഹർജിയിൽ കക്ഷി ചേർത്തു. ഇവർക്കെല്ലാം നോട്ടീസ് നൽകാനും നിർദേശിച്ചു.