ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരം രൂപക്ക് നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്ക് സ്പെഷൽ ദർശനം അനുവദിക്കുന്നതു ദേവസ്വം ഭരണസമിതി തത്വത്തിൽ അംഗീകരിച്ചു. ഇന്നു ചേരുന്ന ഭരണ സമിതി തീരുമാനം പ്രഖ്യാപിക്കും. നിലവിൽ 4500 രൂപയ്ക്ക് നെയ് വിളക്ക് ശീട്ടാക്കിയാൽ അഞ്ചുപേർക്കു സ്പെഷൽ ദർശനം അനുവദിച്ചിരുന്നു.
ഒന്നോ രണ്ടോ ആൾക്കാർ മാത്രമായി വരുന്നവർക്കു വരിനിൽക്കാതെ ദർശനം നടത്താൻ പുതിയ സംവിധാനം ഉപകരിക്കും. ദർശനത്തിന്റെ പേരിൽ ഭക്തരെ ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കാനും സാധിക്കുമെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ. തിരക്കുള്ള ദിവസങ്ങളിൽ നാലും അഞ്ചും മണിക്കൂർ വരിനിന്നാലാണ് ദർശനം നടത്താനാവുക.
പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ 1000 രൂപയ്ക്ക് നെയ് വിളക്ക് ശീട്ടാക്കുന്നവർക്കു ദർശനം എളുപ്പത്തിൽ നടത്താനാകും. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉദയാസ്തമന പൂജ കൂടുതൽ ഭക്തർക്കു നടത്താൻ കഴിയുന്നതുപോലെ ക്രമീകരിക്കുന്ന വിഷയത്തിലും ഇന്നു ചേരുന്ന ഭരണസമിതി തീരുമാനിക്കും. നിലവിൽ ഉദയാസ്തമന പൂജയുടെ ബുക്കിംഗ് നിർത്തിവച്ചിരിക്കുകയാണ്.
ദശാബ്ദങ്ങൾക്ക് മുൻപ് ബുക്ക് ചെയ്തവർക്കാണ് ഇപ്പോൾ പൂജ നടത്താൻ അവസരം ലഭിക്കുന്നത്. ഉദയാസ്തമന പൂജ നടത്തിപ്പിൽ പുതിയ സംവിധാനം കൊണ്ടുവന്നാൽ അത് വഴിപാട് നടത്താൻ കാത്തിരിക്കുന്ന ഭക്തർക്ക് ഉപയോഗപ്രദമാകും. ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നതോടെ ദേവസ്വത്തിന്റെ വരുമാനത്തിലും വർധനവ്
ഉണ്ടാകും.