ഗുരുവായൂർ: ക്ഷേത്രത്തിൽ ഭഗവതിക്കു കലശച്ചടങ്ങുകൾക്കിടെ തന്ത്രി ചെയർമാനെ മാറ്റിനിർത്തി. ചടങ്ങുകൾക്കുശേഷം ചെയർമാൻ തന്ത്രിയോടു വിശദീകരണം തേടി.തിങ്കളാഴ്ച ദീപാരാധന കഴിഞ്ഞ് ആചാര്യവരണത്തിനുശേഷം ചടങ്ങുകൾ തുടങ്ങിയതോടെയാണു തന്ത്രി ചേന്നാസ് ശ്രീകാന്ത് നന്പൂതിരിപ്പാട് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിനോടു മാറിനിൽക്കാൻ ആവശ്യപ്പെട്ടത്.
ഭഗവതിയുടെ വാതിൽമാടത്തിലാണ് ചടങ്ങുകൾ നടന്നിരുന്നത്. വാതിൽമാടത്തിന്റെ ഇടവഴിയുടെ അറ്റത്താണു ചെയർമാൻ കെ.ബി. മോഹൻദാസും ഏതാനും ഭരണസമിതി അംഗങ്ങളും നിന്നിരുന്നത്. നിൽക്കാനുള്ള സൗകര്യത്തിനു ചെയർമാൻ ഏതാനും അടി മുന്നിലേക്കു നിന്നതോടെയാണു തന്ത്രി മാറിനിൽക്കാൻ പറഞ്ഞത്. ഇതനുസരിച്ച് ചെയർമാൻ പിന്നാക്കം മാറിനിന്നു.
പിന്നീട് ചടങ്ങുകൾക്കുശേഷം ചെയർമാൻ കെ.ബി. മോഹൻദാസ് തന്ത്രിയോട് എന്താണു മാറിനിൽക്കാൻ പറഞ്ഞതിന്റെ കാരണമെന്നു ചോദിച്ചു. ചടങ്ങുകൾക്കിടെ അശുദ്ധി ഉണ്ടാകരുതെന്നു കരുതിയാണു മാറാൻ ആവശ്യപ്പെട്ടതെന്നു ചടങ്ങുകൾ നടത്തിയിരുന്ന തന്ത്രി ചേന്നാസ് ഹരി നന്പൂതരിപ്പാട് മറുപടി നൽകി. ഇതു സംബന്ധിച്ച് തന്ത്രിയും ചെയർമാനും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
എന്നാൽ ചടങ്ങുകൾക്ക് അശുദ്ധി ഉണ്ടാകുന്ന തരത്തിലല്ല നിന്നതെന്നും വ്യക്തമായ വിശദീകരണം വേണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.