ഗുരുവായൂർ: ഗുരുവായൂരിലേക്കുള്ള പാസഞ്ചർ തീവണ്ടകൾ പുനഃസ്ഥാപിക്കാൻ കേന്ദ്ര റെയിൽവെ മന്ത്രിയേയും ഉന്നത ഉദ്യാഗസ്ഥരേയും സമീപിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കും തിരിച്ചുമുള്ള തീവണ്ടി സർവീസുകൾ നിർത്തലാക്കിയത് ദർശനത്തിനെത്തുന്ന ഭക്തരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ഭക്തർ തൃശൂരിലെത്തിയശേഷം തീവണ്ടി മാർഗമാണ് ഗുരുവായൂരിലെത്തുന്നത്.തീവണ്ടി സർവീസുകൾ നിർത്തലാക്കിയതോടെ ഭക്തർക്ക് ഗുരുവായൂരിലെത്തുന്നതിന് ബദൽ മാർഗം സ്വീകരിക്കേണ്ട സ്ഥിതിയാണുള്ളത്.ഇതിന് അടിയന്തരമായി പരിഹാരം കാണാൻ കേന്ദ്ര റെയിൽവെ മന്ത്രിയെ സമീപിക്കുമെന്ന് ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്രത്തിലെ അഷ്ടമംഗലപ്രശ്നം 26തുടങ്ങി 30ന് അവസാനിക്കും.ആദ്യ ദിവസം ക്ഷേത്രനാലന്പലത്തിനകത്ത് ആരംഭിച്ചശേഷം പിന്നീട് വിശദമായ പ്രശ്നചിന്ത വടക്കേനടയിൽ കുളപ്പുര മാളികയുടെ ഒന്നാം നിലയിലാണ് നടക്കുക.
പ്രസാദ് പദ്ധതിയുടെ ഭാഗമായി വേണുഗോപാൽ പാർക്കിൽ നിർമിക്കുന്ന മൾട്ടിലവൽ കാർ പാർക്കിംഗിന്റെ ഉദ്ഘാടനം 28ന് ഉച്ചക്ക് രണണ്ടിന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം നിർവഹിക്കും.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.പ്രളയ ദുരിതാശ്വാസത്തിന് ജീവനക്കാരുടെ ഒരുമാസത്തെ ശന്പളം നൽകുന്നത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി 24ന് വീണ്ടും ചർച്ച നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
ഭരണസമിതി അംഗങ്ങളായ ഉഴമലക്കൽ വേണുഗാപാൽ,കെ.കെ.രാമചന്ദ്രൻ,എം.വിജയൻ,അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.