ഗുരുവായൂർ: ഉത്സവത്തിന്റെ ആറാം ദിവസമായ വെള്ളിയാഴ്ച മുതൽ വിശേഷമായ സ്വർണക്കോലം എഴുന്നള്ളിച്ച് തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് കാഴ്ചശീവേലിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങുക.ഗജരത്നം പത്മനാഭൻ അദ്യ ദിവസം സ്വർണമക്കോലമേറ്റും.ഉത്സവത്തിന്റെ അവസാന അഞ്ച് ദിവസങ്ങളിലും ഏകാദശി,അഷ്ടമിരോഹിണി തുടങ്ങിയ ദിവസങ്ങളിലുമാണ് സ്വർണകോലമെഴുന്നള്ളിക്കുന്നത്.ഒരു കിലോയിലധികം തനി സ്വർണത്തിൽ തീർത്ത് മരതകപച്ചയും വിശേഷപ്പെട്ട രത്നങ്ങൾ പതിച്ച വീരശൃംഖല ചാർത്തിയിട്ടുള്ള സ്വർണകോലം വിലമതിക്കാനാവാത്തതാണ്.
പണ്ടുകാലത്ത് ആറാം ദിവസത്തെ ഉത്സവത്തിന്റെ ചെലവ് പുന്നത്തൂർ കോവിലകമായിരുന്നു വഹിച്ചിരുന്നത്.അന്ന് നടക്കുന്ന കാഴ്ച ശീവേലിക്ക് കോവിലകത്തെ വലിയ തന്പുരാൻ നേരിട്ട് എഴുന്നള്ളുകയും കാഴ്ചശീവേലി വടക്കേ നടക്കലെത്തുന്പോൾ മേളത്തിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്തിരുന്നു.ഇതിന്റെ സ്മരണ പുതുക്കി വെള്ളിയാഴ്ച ഉച്ചക്ക് വകകൊട്ടൽ ചടങ്ങ് നടക്കും.
ഉത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഞായറാഴ്ച അതിപ്രധാനമായ ഉത്സവബലി നടക്കും.അദൃശ്യ ദേവതകളെ മന്ത്രപുരസ്സരം ക്ഷണിച്ച് പൂജയും നിവേദ്യവും സമർപ്പിക്കുന്നതാണ് ചടങ്ങ്.രാവിലെ ശീവേലിക്കും പന്തീരടി പൂജക്കും ശേഷം ഉത്സവബലി ആരംഭിക്കും.
നാലന്പലത്തിനകത്ത് 11ഓടെ സപ്തമാതൃക്കൾക്ക് ബലിതൂവുന്ന സമയത്ത് ഗുരുവായൂരപ്പനെ എഴുന്നള്ളിച്ച് വെക്കും.ഉത്സവബലി ദിവസം ദേശപകർച്ചയാണ്. പക്ഷിമൃഗാദികൾ പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം.തിങ്കളാഴ്ച പള്ളിവേട്ടയാണ്.ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.