ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. ഇനി ഗുരുപവനപുരി ഉത്സവ ലഹരിയിലാവും.ആനയില്ലാ കാലത്തെ അനുസ്മരിച്ച് വർഷത്തിൽ ഒരിക്കൽ മാത്രം നടക്കാറുള്ള ആനയില്ലാ ശീവേലിയും ആനയോട്ടവും നാളെ നടക്കും.
രാവിലെ ഏഴിനാണ് ആനയില്ലാ ശീവേലി.ശാന്തിയേറ്റ കീഴ്ശാന്തി നന്പൂതിരി ഗുരുവായൂരപ്പന്റെ തിടന്പ് മാറോട് ചേർത്ത് വച്ച് കുത്തുവിളക്കിന്റെയും വാദ്യത്തിന്റെയും അകന്പടിയിൽ നടന്ന് ശീവേലി പ്രദക്ഷിണം പൂർത്തിയാക്കും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് പ്രസിദ്ധമായ ആനയോട്ടം.ആനയോട്ടത്തിന് ശേഷം ക്ഷേത്രത്തിന്റെ വടക്കേഭാഗത്ത് ആനയോട്ടത്തിൽ പങ്കെടുത്ത ആനകളെ അണി നിരത്തി ആനയൂട്ട് നൽകും.
രാത്രി 7.30ന് ക്ഷേത്രം ഉൗരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കൂറയും,പവിത്രവും നൽകി ആചാര്യവരണം നടത്തും. തുടർന്ന് മുളയറയിൽ ധാന്യങ്ങൾ വിതച്ച് മുളയിടും.സപ്തവർണകൊടിക്കൂറയിലേക്ക് ദേവചൈതന്യം സന്നിവേശിപ്പിച്ചതിനുശേഷം ക്ഷേത്രം തന്ത്രി കൊടിയേറ്റം നടത്തും.
ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്ത ജനങ്ങൾക്ക് രാവിലെ ഭഗവത് പ്രസാദമായി കഞ്ഞിയും പുഴുക്കും നൽകും. ദിവസവും കാഴ്ചശീവേലിക്ക് പ്രമുഖരുടെ മേളം അകന്പടിയാവും.രാത്രിയിൽ ശ്രീഭൂതബലിക്ക് ഗുരുവായൂരപ്പനെ വടക്കേനടയിൽ എഴുന്നള്ളിച്ച് വയ്ക്കും.പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ച് വയ്ക്കുന്ന ഗുരുവായൂരപ്പന് മുന്പിൽ തായന്പക അവതരിപ്പിക്കാൻ തുടക്കക്കാർ മുതൽ പ്രഗത്ഭർ വരെ അണിനിരക്കും.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈവിധ്യമുള്ള കലാപരിപാടികൾക്ക് നാളെ മുതൽ തുടക്കമാവും.നാളെ രാത്രി ഒന്പതിന് കലാമണ്ഡലം ഗോപിയാശാൻ അരങ്ങിലെത്തുന്ന പി.എസ്.വി.നാട്യ സംഘത്തിന്റെ കഥകളിയോടെയാണ് കലാപരിപാടികൾ ആരംഭിക്കുക.തുടർ ദിവസങ്ങളിൽ പ്രഗത്ഭരുടെ കലാപരിപാടികളാണ് അരങ്ങേറുക.25ന് പള്ളിവേട്ടയും 26ന് ആറാട്ടോടെ ഉത്സവത്തിന് സമാപനവുമാകും.