ഗുരുവായൂർ: ഗുരുവായൂരപ്പനു ഉത്രാടകാഴ്ച്ചക്കുല സമർപ്പണമായി സ്വർണകൊടിമരത്തിന് മുന്നിൽ സ്വർണ വർണത്തിലുള്ള കാഴ്ചക്കുലകളുടെ സമൃദ്ധി.രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണചടങ്ങ് ആരംഭിച്ചത്.കൊടിമരത്തിന് ചുവട്ടിൽ അരിമാവണിഞ്ഞതിന് മുകളിൽ നാക്കിലയിൽ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നന്പൂതിരി ആദ്യ കുല സമർപ്പിച്ചു.
ക്ഷേത്രം അടിയന്തിരക്കാരൻ പുതിയേടത്ത് ആനന്ദൻ കുത്തുവിളക്കുമായി അകന്പടിയായി.മേൾശാന്തി സമർപ്പിച്ചതിന് ശേഷം ക്ഷേത്രം ഉരാളൻ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരി സമർപ്പിച്ചു.പിന്നീട് ശാന്തിയേറ്റ കീഴ്ശാന്തിക്കാരായ ചെറുതയൂർ ശ്രീജിത്ത് നന്പൂതിരി,മഞ്ചിറ കൃഷ്ണ പ്രസാദ് നന്പൂതിരി എന്നിർ കാഴ്ചക്കുലകൾ സമർപ്പിച്ചു.
തുടർന്ന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, കെ.മുരളീധരൻ എം.പി, ഭരണസമിതി അംഗങ്ങളായ എവി.പ്രശാന്ത്, കെ.കെ.രാമചന്ദ്രൻ, പി.ഗോപിനാഥൻ, എം.വിജയൻ, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ തുടങ്ങിയവരും ഭക്തജനങ്ങളും കുലകൾ സമർപ്പിച്ചു.100കണക്കിന് കുലകൾ ഭഗവാന് തിരുമുൽകാഴ്ചയായി ലഭിച്ചു.
കുലകളിൽ ഒരുഭാഗം ആനകൾക്ക് നൽകി.ഒരുഭാഗം തിരുവോണസദ്യക്ക് പഴപ്രഥമൻ തയ്യാറാക്കുന്നതിന് ഉപയോഗിക്കും.ബാക്കിയുള്ളത് ലേലം ചെയ്ത് ഭക്തർക്ക് നൽകും.തിരുവോണത്തിന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം നടക്കും.പുലർച്ചെ ക്ഷേത്രം ഉരാളൻ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ ഭഗവാന് സമർപ്പിക്കും.പിന്നീട് ഭക്തർക്ക് ഓണപ്പുടവ സമർപ്പിക്കാനാകും.ഉഷപൂജവരെയാണ് ഓണപ്പുടവ സമർപ്പണം.