ഗുരുവായൂർ; ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മെട്രോമാൻ ഇ.ശ്രീധരനെ മുഖ്യ ഉപദേശകനാക്കാൻ തിരുവനന്തപുരത്തു ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനിച്ചു. ഗുരുവായൂരിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ദേവസ്വവും, നഗരസഭയും യോജിച്ചാവണം മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്.അഴുക്കുചാൽപദ്ധതി, കരുവന്നൂർ ശുദ്ധജല പദ്ധതി, റെയിൽവേ മേൽപ്പാലം എന്നിവ ഉടൻ പൂർത്തീകരിക്കണം.
അഴുക്കുചാൽ പദ്ധതിയുടെ പുരോഗതി ആഴ്ച തോറും കെ.വി.അബ്ദുൾ ഖാദർ എംഎൽഎയെ അറിയിക്കണം.റെയിൽവേ മേൽപ്പാലം നിർമാണത്തിന് തടസം റവന്യു വകുപ്പിന്റെ അനാസ്ഥയാണെന്ന് യോഗം വിലയിരുത്തി. സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തീകരിക്കാൻ റവന്യു വകുപ്പിനോട് ആവശ്യപ്പെടും.അടിപ്പാതക്കാവശ്യമായ തുടർനടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു.
ദേവസ്വത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നഗരസഭ തടയുന്നതായി ദേവസ്വം യോഗത്തിൽ അറിയിച്ചു.നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അത്യാധുനീക സാങ്കേതിക വിദ്യ പ്രയോജനപെടുത്തണം.ഇതിന് ഇ.ശ്രീധരന്റെ ഉപദേശം തേടണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.
മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, കെ.വി.അബ്ദുൾ ഖാദർ എംഎൽഎ, നഗരസഭ ചെയർപേഴ്സണ് വി.എസ്.രേവതി, ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, മുൻ നഗരസഭ വൈസ് ചെയർമാൻ കെ.പി.വിനോദ്്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് മെട്രോമാൻ ഇ.ശ്രീധരെ പങ്കെടുപ്പിച്ച് നടത്തിയ വികസന സെമിനാറിന്റെ തുടർ നടപടിയായാണ് ഇന്നലെ മന്ത്രിതല ചർച്ച നടന്നത്.ഇ.ശ്രീധരനെ ഗുരുവായൂർ വികസനത്തിന്റെ മുഖ്യ ഉപദേഷ്ടാവാക്കാനുള്ള സർക്കാർ തീരുമാനത്തെ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.വി.മുഹമ്മദ് യാസിൻ,സെക്രട്ടറി രവി ചങ്കത്ത് എന്നിവർ അഭിനന്ദിച്ചു.