ഗുരുവായൂർ: ക്ഷേത്രത്തിൽ ഇക്കുറി വിഷുക്കണി ചടങ്ങാകും. പതിവു പോലെ ഭക്തർക്കു ദർശനമുണ്ടാവില്ല. 14 ന് പുലർച്ചെ 2.30 മുതൽ അരമണിക്കൂറോളം സമയമാണ് വിഷുക്കണി.
തലേദിവസം രാത്രി അത്താഴപൂജയ്ക്കുശേഷം കീഴ്ശാന്തി നന്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖമണ്ഡപത്തിൽ കണി ഒരുക്കും. മേൽശാന്തി സുമേഷ് നന്പൂതിരി അദ്ദേഹത്തിന്റെ മുറിയിൽ കണികണ്ടതിനുശേഷം പുലർച്ചെ 2.15 ന് ക്ഷേത്ര മുഖമണ്ഡപത്തിലെ വിളക്കുകൾ തെളിയിക്കും.
നാളികേര മുറിയിൽ നെയ് വിളക്ക് തെളിയിച്ചശേഷം 2.30 ന് മേൽശാന്തി ഗുരുവായൂരപ്പനെ കണികാണിക്കും. ക്ഷേത്രം ഉദ്യോഗസ്ഥർ, ക്ഷേത്രപ്രവർത്തിക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ മാത്രമാകും ഉണ്ടാവുക. ഉച്ചയ്ക്കു വിഷു നമസ്കാരവും പതിവുണ്ട്.
ഇതും ചടങ്ങു മാത്രമായി നടത്തും. സാധാരണ വിഷുക്കണി ദർശനത്തിനു വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. കണ്ണനെ കണികണ്ട് അനുഗ്രഹം നേടാൻ ആയിരങ്ങളാണ് എത്താറുള്ളത്.
കുറെ വർഷങ്ങളായി വിഷു ദിവസം ലണ്ടനിലെ വ്യവസായി തെക്കുമുറി ഹരിദാസിന്റെ വകയായി സന്പൂർണ നെയ്വിളക്കോടു കൂടിയ വിഷുവിളക്ക് നടക്കാറുണ്ട്. ഇക്കുറി വിഷുവിളക്കും ഉണ്ടാകില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി വിഷുക്കണി ചടങ്ങുമാത്രമാകും.