ഗുരുവായൂർ: ക്ഷേത്രത്തിൽ ഭക്തർക്കു പ്രവേശനം വിലക്കിയതോടെ ക്ഷേത്രനട വിജനമായി. ഭക്തർ ഇല്ലാതായതോടെ ക്ഷേത്രപരിസരത്തെ കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരും മറ്റ് പ്രവർത്തിക്കാരും കിഴക്കേ ഗോപുരവാതിലിലൂടെയാണ് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നത്.
ക്ഷേത്ര പരിസരവും റോഡുകളും വിജനമാണ്. പ്രദേശവാസികൾ ഒറ്റയ്ക്കെത്തി പുറത്ത്ക്ഷേത്ര ദീപസ്തംഭത്തിനു മുന്നിൽ നിന്ന് തൊഴുതു പോകുന്നുണ്ട്. ഇന്നലെ മുതലാണ് ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് വിലക്കേർപ്പെടുത്തിയത്.തിങ്കളാഴ്ച നടത്താനിരുന്ന മേൽശാന്തി തെരഞ്ഞെടുപ്പും മാറ്റിവച്ചു.
മമ്മിയൂർ ക്ഷേത്രത്തിലും ഭക്തർക്കു ദർശനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്നു ജീവിച്ചിരിക്കുന്നവരുടെ ഓർമയിലൊന്നും ഇത്തരത്തിൽ ക്ഷേത്രം വിജനമായ കാലമുണ്ടായിട്ടില്ല.
1932 ജനുവരിയിൽ ക്ഷേത്രപ്രവേശന സത്യഗ്രഹ സമര കാലത്താണ് ഇതിനു മുൻപ് ക്ഷേത്രം 27 ദിവസങ്ങളിൽ അടച്ചിട്ടത്.