ഗുരുവായൂർ: ക്ഷേത്രത്തിൽ നടന്നുവന്ന അഷ്ടമംഗല പ്രശ്നചിന്ത സമാപിച്ചു.ഏഴാം ദിവസത്തെ പ്രശ്നചിന്തയിൽ ക്ഷേത്രത്തിലെ സ്വർണ ധ്വജം ഉടൻ മാറ്റേണ്ടതില്ലെന്നു മുഖ്യദൈവജ്ഞൻ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് പറഞ്ഞു.കൊടിമരത്തിനു നിലവിൽ കേടുപാടുകൾ ഇല്ല.
കൊടിമരത്തിന്റെ സ്ഥാപന സമയത്ത് ചില ന്യൂനതകൾ ഉണ്ടായിട്ടുണ്ട്. കൊടിമരത്തിന്റെ മുകൾ ഭാഗത്തും താഴെ ഭാഗത്തും ചെറിയ വ്യത്യാസമുണ്ട്. ക്ഷേത്രത്തിൽ നവീകരണം കലശം വരുന്പോൾ കൊടിമരത്തിന്റെ ന്യൂനത പരിഹരിച്ചാൽ മതിയെന്നു മുഖ്യ ദൈവജ്ഞൻ പറഞ്ഞു.
ശാന്തിയേൽക്കുന്ന കീഴ്ശാന്തിക്കാർ ബ്രഹ്മചര്യം പാലിച്ച് ആറുമാസക്കാലം ക്ഷേത്രത്തിനുള്ളിൽ കഴിയണമെന്നും പ്രശ്നചിന്തയിൽ തെളിഞ്ഞു. നിത്യ ഉത്സവം നടക്കുന്ന മഹാക്ഷേത്രത്തിൽ ദിവസവും കലാപരിപാടികൾ നടക്കുന്ന മേൽപ്പത്തൂർ ഓഡിറ്റോറിയത്തെ ഭരണാധികാരികൾ വേണ്ട പ്രാധാന്യം കൊടുക്കുന്നില്ലെന്ന് പ്രശ്നചിന്തയിൽ പറഞ്ഞു.
മേൽപ്പത്തൂർ ഓഡിറ്റോറിയം നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.
ആനക്കോട്ടയിലേക്ക് ആനകളെ സ്വീകരിക്കാൻ തീരുമാനമെടുത്താൽ ധാരളം ആനകളെ ഭക്തർ നടയിരുത്തുമെന്ന് പ്രശനചിന്തയിൽ പറഞ്ഞു. നാട്ടുകാർ, മുൻ ഭരണസമിതി അംഗങ്ങൾ, അംഗീകാരം കൊടുക്കേണ്ടവർ എന്നിവർക്കു ക്ഷേത്രത്തിൽ മുൻഗണന നൽകണം. കഴക പ്രവൃത്തിയിലേക്ക് ചെറുപ്പക്കാർ വരുന്നില്ലെന്നും കഴക പ്രവൃത്തിയിലേക്ക് ചെറുപ്പക്കാരെ കൊണ്ട ുവരണമെന്നും അദ്ദേഹം പറഞ്ഞു.
അഷ്ടമംഗല പ്രശ്നത്തിൽ നിർദേശിച്ച ദോഷപരിഹാര താന്ത്രിക ക്രിയകൾ അടുത്ത ഉത്തരയാനം(ഒരുവർഷത്തിനുള്ളിൽ) കഴിയുന്നതിനു മുൻപ് പൂർത്തീകരിക്കണം.നിർമാണം, കേടുപാടുകൾ എന്നിവ മൂന്നുവർഷത്തിനുള്ളിൽ പരിഹരിക്കണമെന്നും അറിയിച്ചു.
അഷ്ടമംഗല പ്രശ്നചിന്ത സമാപിച്ചശേഷം മുഖ്യ ദൈവജ്ഞൻ കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിനെയും ജ്യോതിഷികളേയും ദക്ഷിണയും പ്രശസ്തിപത്രവും ഉപഹാരവും നൽകി ദേവസ്വം ആദരിച്ചു. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പ്രശസ്തിപത്രവും ഉപഹാരവും നൽകി. ക്ഷേത്രം ഉൗരാളൻ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ദക്ഷിണ സമർപ്പിച്ചു.