ന്യൂഡൽഹി: ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ താരങ്ങൾക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പാരിതോഷികം. ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ദീപക് പൂനിയയ്ക്ക് ഏഴ് ലക്ഷവും വെങ്കല മെഡൽ നേടിയ വിനേഷ് ഫോഗട്ട്, രവി കുമാർ, ബജ്റംഗ് പൂനിയ, രാഹുൽ അവാരെ എന്നിവർക്ക് നാല് ലക്ഷം വീതവും കായികമന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിച്ചു.
86 കിലോ ഫ്രീസ്റ്റൈൽ വിഭാഗം ഫൈനലിൽ പരിക്കുമൂലം പിൻമാറിയതോടെയാണ് ദീപക് പൂനിയ വെള്ളി മെഡലിൽ ഒതുങ്ങിയത്. സുശീൽ കുമാറിന് (2010) ശേഷം ലോക ചാന്പ്യനാകുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമെന്ന നേട്ടത്തിലെത്താനുള്ള അവസരം ഇതോടെ ദീപകിന് നഷ്ടമായി.
ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തിയ അമിത് പംഗലിന് 14 ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെങ്കല മെഡൽ നേടിയ മനീഷ് കൗശിക്കിന് എട്ട് ലക്ഷവും നൽകും.