ചണ്ഡിഗഡ്: ഹരിയാനയിലെ റോഹ്തകിൽ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ഗുസ്തി പരിശീലകൻ സുഖ്വിന്ദർ(30)ആണ് അറസ്റ്റിലായത്.
ഡൽഹി സമയ്പുർ ബദ്ലി മെട്രോ സ്റ്റേഷനിൽനിന്നാണ് ഇയാൾ പിടിയിലായത്. സുഖ്വിന്ദറിനെക്കുറിച്ചു വിവരം നല്കുന്നവർക്ക് ഡൽഹി പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യ കോളജ് ജീവനക്കാരൻ മനോജ് മാലിക്, ഇയാളുടെ ഭാര്യ സാക്ഷി മാലിക്, ഗുസ്തിപരിശീലകൻ സതീഷ്, പ്രദീപ് ഫൗജി എന്നിവരാണു വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
രോഹ്തകിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മനോജിന്റെ അഞ്ചുവയസുള്ള മകൻ സർതജിന്റെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ അമർജിത് ഗുർഗാവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുസ്തിപരിശീലകർ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. ഒന്നിലധികം പേരുടെ സഹായം ഇതിനു ലഭിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു.
കോളജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ബറോഡ സ്വദേശിയായ സുഖ്വിന്ദറിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഇല്ലെന്നു പോലീസ് പറഞ്ഞു.