റോഡിലെ കുഴികള്‍ എണ്ണാന്‍ പോലീസുകാരെ ചുമതലപ്പെടുത്തിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉദ്യമം പൂര്‍ത്തിയാക്കി പോലീസ്.
പോലീസ് റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ട ജില്ലയില്‍ 38 സ്ഥലങ്ങളില്‍ റോഡില്‍ കുഴിമൂലം അപകട സാധ്യത നിലനില്‍ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒമാരാണ് സ്റ്റേഷന് പരിധിയിലെ കുഴികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
റോഡിലെ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേരള ഹൈക്കോടതി കര്‍ശന നടപടിവേണമെന്ന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡില്‍ കുഴിയില്‍ വീണുള്ള അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം എത്തിയത്.
സ്വന്തം സ്റ്റേഷന് പരിധിയിലെ റോഡുകളിലെ അപകടകരമായ കുഴികള്‍ എണ്ണി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി 26നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
മറ്റു പല ജില്ലകളിലും സമാന നിര്‍ദ്ദേശമുണ്ടായി. കുഴിയുടെ എണ്ണം അറിയിക്കേണ്ടത് സ്പെഷല്‍ ബ്രാഞ്ചിനെയെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.
കുഴിയെണ്ണല്‍ നിര്‍ദ്ദേശത്തില്‍ കടുത്ത അതൃപ്തിയാണ് സേനയില്‍ ഉയര്‍ന്നത്. റോഡിലെ കുഴി അടയ്ക്കുന്നത് പശ വച്ചാണോയെന്നും കോടതി ചോദിച്ചിരുന്നു.
റോഡിലെ കുഴികളെ സംബന്ധിച്ച് സര്‍ക്കാരിന്റെ കയ്യില്‍ വ്യക്തമായ കണക്കുകളില്ലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പോലീസിനെ ഉപയോഗിച്ചുള്ള കണക്കെടുപ്പ്.