തിരുവനന്തപുരം: ജിവി രാജ സ്പോർട്സ് സ്കൂളും കണ്ണൂർ സ്പോർട്സ് ഡിവിഷൻ ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും സംസ്ഥാന കായിക വകുപ്പ് ഏറ്റെടുത്തു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
സ്പോർട്സ് സ്കൂളിന് ആവശ്യമായ അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല പൊതു വിദ്യാഭ്യാസ വകുപ്പിനായിരിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായിരുന്നു ജി.വി. രാജ സ്പോർട്സ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
ഈ രണ്ടു സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും, സ്പോർട്സ് സ്കൂളുകൾ എന്ന നിലയിൽ അവയെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുമാണ് ഭരണനിയന്ത്രണച്ചുമതല സ്പോർട്സ് വകുപ്പ് ഏറ്റെടുത്തത്. ഈ സ്കൂളുകളുടെ പൂർണ നിയന്ത്രണവും, സമഗ്രപുരോഗതിക്ക് ആവശ്യമായ നയങ്ങൾ, പദ്ധതികൾ, തുടങ്ങിയവ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള ചുമതലയും മേൽ നോട്ടവും കായിക യുവജന ഡയറക്ടർക്കായിരിക്കും.