മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷയെഴുതിയ സംഭവത്തിലെ മൂന്നാം പ്രതിയായ അധ്യാപകനെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടാക്കി നിയമനം നൽകി. നടപടി വിവാദമായതോടെ പിന്നീട് പിൻവലിച്ചു. അധ്യാപകനെ നിയമിച്ചത് ബോധപൂർവമല്ലെന്നും ക്ലറിക്കൽ മിസ്റ്റേക്ക് ആണെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പി.കെ ഫൈസലിനെയാണ് നായർകുഴി ജിഎച്ച്എസ് സ്കൂളിൽ പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി നിയമനം നൽകി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. നിലവിൽ ഇയാൾ പരീക്ഷ ക്രമക്കേടിനെ തുടർന്ന് സസ്പെൻഷനിലാണ്. ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുത്തതിനെ തുടർന്ന് പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.
ഹയർസെക്കൻഡറി പരീക്ഷാ നടത്തിപ്പിനെ തന്നെ സംശയ നിഴലിലാക്കി വിദ്യാഭ്യാസ വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലെ പ്രതിയെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടാക്കിയതിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെയാണ് നടപടി പിൻവലിച്ചത്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരുന്ന ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും പിന്നീട് മുക്കം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയുമായിരുന്നു. കടുത്ത വ്യവസ്ഥകളോടെ ഇയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അധ്യാപകന് വീണ്ടും അതേ പദവിയോടെ തന്നെ നിയമനം നൽകിയത് ഉന്നത തലത്തിലെ ഇടപെടലുകളുടെ ഭാഗമായാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
സംഭവത്തിലെ ഒന്നും രണ്ടും പ്രതികളായ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായിരുന്ന കെ. റസിയ, ഇതേ സ്കൂളിലെ അധ്യാപകനായിരുന്ന നിഷാദ് വി. മുഹമ്മദ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.