കണ്ണൂർ: രാഷ്ട്രീയസംഘർഷത്തിനു പിന്നാലെ കണ്ണൂർ നഗരം ഗ്യാംഗ് വാറിലേക്കും നീങ്ങുന്നു. ചാലാട് സ്വദേശിക്ക് വെട്ടേറ്റു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂർ നഗരവും പരിസരവും ചേരിതിരിഞ്ഞുള്ള സംഘർഷത്തിലേക്ക് നീങ്ങുകയാണ്.
കഞ്ചാവ്-ലഹരി മാഫിയകൾ നിയന്ത്രിക്കുന്ന ഗ്യാംഗുകളാണ് സംഘർഷം സൃഷ്ടിക്കുന്നതെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ചാലാട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചേരിതിരിഞ്ഞുള്ള സംഘർഷം നടന്നു കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിൽ തുടങ്ങിയ സംഘർഷത്തിനു അയവില്ലാതെ വന്നിരിക്കുകയാണ്.
ചാലാട് തെക്കൻമണൽ സ്വദേശി മണ്ഡ്യൻ ഹൗസിലെ എൻ. ഷിബിൻ (22) ആണ് വെട്ടേറ്റത്. ഇയാളെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് വട്ടക്കണ്ടിയിലെ സുഹൃത്ത് ജിഷ്ണുവിന്റെ പഴയ വീടിനു സമീപത്ത് നിന്ന് സംസാരിക്കുന്നതിനിടയിൽ ഇന്നലെ രാത്രി 8.30 ഓടെയാണ് അക്രമം ഉണ്ടായത്. ഇരുപതംഗസംഘമാണ് യുവാവിനെ ആക്രമിച്ചത്.
പടന്നപ്പാലം സ്വദേശികളായ വൈശാഖ്, ആരിഫ്, അയൂബ്, ബോബൻ, ഇർഫാൻ, അമൽ, കണ്ണപ്പൻ എന്ന കുട്ടാപ്പി, ചന്തു, അക്ഷയ് തുടങ്ങിയവരും മറ്റു കണ്ടാലറിയാവുന്ന 11 ഓളം ആളുകളും ചേർന്ന് അക്രമിച്ചു പരിക്കേൽപിച്ചെന്നാണ് കേസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ചിലർ പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഞായറാഴ്ച രാത്രിയിൽ ചാലാട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ അക്രമം എന്നാണ് പോലീസ് കരുതുന്നത്