ടിയാൻജിൻ (ചൈന): വയസ് എഴുപത്തിയെട്ടായി. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയുണ്ട്. പക്ഷേ, ബായ് ജിൻകിൻ എന്ന ചൈനാക്കാരിയുടെ മുഖത്തുനോക്കി മുത്തശി എന്നു വിളിക്കാൻ ആരും ഒന്നു മടിക്കും. കണ്ടാൽ പ്രായം അത്ര തോന്നില്ലെന്നതുതന്നെ കാര്യം. നടപ്പിലും ലുക്കിലുമെല്ലാം ചെറുപ്പക്കാരിയുടെ ചടുലത.
വടക്കുകിഴക്കൻ ചൈനയിലെ ടിയാൻജിൻ ആണ് ബായ് ജിൻകിനിന്റെ സ്വദേശം. “ചൈനയിലെ ഏറ്റവും മനോഹരിയായ യോഗ മുത്തശി’ എന്നാണ് ഇവർ അറിയപ്പെടുന്നത്. 18 വർഷം മുൻപ് അറുപതാം വയസിൽ തുടങ്ങിയ വ്യായാമം ഇവരുടെ പ്രായത്തെ പിടിച്ചുനിർത്തുകയായിരുന്നു.
നിരവധിപ്പേർക്ക് പ്രോത്സാഹനവും പ്രചോദനവുമാണ് ഇന്ന് ജിൻകിൻ. ചെറുപ്പത്തിൽ വേണ്ടവിധത്തിൽ വ്യായാമം ചെയ്യാനുള്ള സമയമോ സാഹചര്യമോ ജിൻകിന് ഉണ്ടായിരുന്നില്ല. അതിനിടെ കാൻസർ ഉൾപ്പെടെയുള്ള അസുഖങ്ങളുമുണ്ടായി.
മൂന്ന് ശസ്ത്രക്രിയകളും ചെയ്യേണ്ടി വന്നു. ആദ്യം ചെറിയ വ്യായാമങ്ങളാണ് ചെയ്തത്. പിന്നീടു കഠിനമായ വർക്കൗട്ടുകളിലേക്കും യോഗയിലേക്കും മാറി.
അടുത്തിടെ ബായ് ജിൻകിൻ പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായി. ജിമ്മിൽ വെയ്റ്റ്ലിഫ്റ്റിംഗ് അടക്കമുള്ളവ ചെയ്യുന്നതായിരുന്നു വീഡിയോ. ഇവരുടെ യഥാർഥ പ്രായം കേട്ടപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ലെന്നായിരുന്നു വീഡിയോ കണ്ടവരുടെ കമന്റ്.