തൃശൂർ: ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നല്കിയെങ്കിലും തൃശൂർ ജില്ലയിൽ അനിശ്ചിതാവസ്ഥ. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കേണ്ടെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ സ്വീകരിച്ചത്.
ഇന്നു തുറന്നു പ്രവർത്തിക്കാൻ ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ അനുമതിക്കായി കളക്ടറെ സമീപിച്ചപ്പോഴാണ് തുറക്കേണ്ടെന്ന നിലപാടെടുത്തത്. എന്നാൽ ഇത്തരം കേന്ദ്രങ്ങൾ തുറക്കരുതെന്നോ തുറക്കാമെന്നോ കളക്ടർ ഉത്തരവു പുറപ്പെടുവിച്ചിട്ടുമില്ല.
ഇതേസമയം, സംസ്ഥാനത്തെ ഇതര മേഖലകളിൽ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറന്നു. രോഗവ്യാപന മേഖല ഒഴികേയുള്ള സ്ഥലങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ തുറക്കാമെന്നാണു കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
ഇതര ജില്ലകളിൽ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ നാളെ മുതൽ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് തൃശൂരിലെ ജിമ്മുകളും യോഗ കേന്ദ്രങ്ങളും. നാലു മാസത്തിലേറെക്കാലം പൂട്ടിയിട്ട ഇത്തരം കേന്ദ്രങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസമായി ശുചീകരണം നടത്തിയിരുന്നു.
ജിമ്മും യോഗ കേന്ദ്രങ്ങളും ഇന്നു വൈകുന്നേരം തുറക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളുടെ ചുമതല ഏറ്റെടുത്ത പോലീസ് ഈ കേന്ദ്രങ്ങൾ അടച്ചുപൂട്ടിക്കില്ലെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ.