കോട്ടയം: ലോക്ഡൗണ്‍ കാലത്ത് കുംഭചാടിയവരും കൈയിലേയും കാലിലേയും മസിൽ പോയവരും വിഷമിക്കേണ്ട…. മസിൽ പെരുപ്പിക്കാനും സിക്സ് പായക്ക് ഉണ്ടാക്കാനും വ്യായായമുറകൾ നടത്തി ആരോഗ്യം കരുതലോടെ സംരക്ഷിക്കാനുമായി ജിമ്മുകൾ തുറന്നു.
സർക്കാർ നിർദേശങ്ങൾ പാലിച്ചു സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് ഇന്നു മുതൽ ജിമ്മുകൾ തുറന്നു പ്രവർത്തിച്ചത്. രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം ആറു വരെയാണു പ്രവർത്തനസമയം. കയറിവരുന്പോൾ തന്നെ വരുന്നവർക്കു സാനിട്ടേഷൻ ചെയ്യാനുള്ള സംവിധാനം ജിമ്മുകളിൽ ക്രമീകരിച്ചിട്ടുണ്ട്.
വരുന്നവർ മാസ്കും സാനിറൈസറും നിർബന്ധമായും കൊണ്ടുവരണം. ഒരേസമയം 10 പേർക്കു മാത്രമേ ജിമ്മിൽ വർക്ക്ഒൗട്ടുകൾ ചെയ്യാൻ അനുമാദമുള്ളൂ. ഇവർ തമ്മിൽ ആറടി അകലം പാലിക്കണം. ഇവർ പോയശേഷം വ്യായാമസ്ഥലവും ഉപകരണങ്ങളും അണുവിമുക്തമാക്കിയിട്ടേ അടുത്ത ബാച്ചിനു പ്രവേശനമുള്ളൂ.
അഞ്ചു മാസങ്ങൾക്കു മുന്‍പ് ലോക്ഡൗണ്‍ സമയത്താണ് ജില്ലയിലെ ജിമ്മുകൾക്ക് ലോക്കു വീണത്. രോഗവ്യാപന സാധ്യത കൂടുതലുള്ള സ്ഥലമായതിനാലാണ് ജിമ്മുകൾ അടച്ചിടാൻ തീരുമാനിച്ചത് തുറക്കാൻ വൈകിയതും.
തുറക്കാൻ കഴിയാതെ വന്നതോടെ പല ജിമ്മുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജിമ്മുകളിലെ ഉപകരണങ്ങൾ തുരുന്പെടുക്കുന്ന സാഹചര്യം ഉണ്ടായി. വായ്പയെടുത്താണു പല ജിമ്മുകളിലും ലക്ഷങ്ങൾ മുതൽമുടക്കുള്ള ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ വാങ്ങിയത്. ഇതിന്റെ അടവും മുടങ്ങിയിരുന്നു.
തുറന്നില്ലെങ്കിലും ആഴ്ചയിൽ ഒരുദിവസം ജിമ്മുകൾ തുറന്ന് ഉപകരണങ്ങൾക്ക് ഓയിലിട്ടും തുടച്ചും വ്യത്തിയാക്കിവയ്ക്കുകയും ഒപ്പം ഉപകരണങ്ങൾ അണുവിമുക്തമാക്കും ചെയ്തിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവ തുറക്കാൻ അനുമതി നൽകിയിട്ടില്ല.
സ്പാ, സ്വിമ്മിംഗ് പൂൾ, സ്റ്റീം ബാത്ത് തുടങ്ങിയവ തുറക്കാൻ അനുമതിയായിട്ടില്ല. പല ജിമ്മുകളും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. വാടകയും വൈദ്യുതി ചാർജും കൊടുത്ത് കഴിയുന്പോൾ തുച്ഛമായ തുകയാണ് ജിം നടത്തുന്നവർക്ക് ലഭിക്കുന്നത്.
അതേസമയം ജിമ്മുകൾ തുറക്കുന്പോൾ ആളുകൾ എത്തുമോ എന്ന ആശങ്കയുണ്ടെന്നു കോട്ടയം നഗരത്തിലെ പ്രമുഖ ജിംനേഷ്യമായ സ്യൂസ് ജിമ്മിന്റെ ഉടമയായ കോട്ടയം പുത്തനങ്ങാടി സംഗീതയിൽ ബിനുരാജ് പറഞ്ഞു.