ആലുവ: ചുണങ്ങംവേലിയിൽ വീട്ടുമുറ്റത്ത് ജിംനേഷ്യം ട്രെയിനർ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി സാബിത്ത് (35) ആണ് ചുണങ്ങംവേലി സെന്റ് ജോസഫ് സ്കൂളിന് സമീപമുള്ള വാടകവീടിന്റെ മുറ്റത്ത് ഇന്ന് രാവിലെ 8.30ഓടെ കുത്തേറ്റ് മരിച്ചത്. ആലുവ ചൂണ്ടിയിൽ പ്രവർത്തിക്കുന്ന കെപി ജിംനേഷ്യത്തിലെ ട്രെയിനറാണ്.
മരിച്ച സാബിത്തിനൊപ്പം രണ്ട് പേർ കൂടി വീട്ടിൽ താമസിക്കുന്നുണ്ട്. രാവിലെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോഴാണ് സാബിത്ത് കുത്തേറ്റ് നിലത്തു കിടക്കുന്നത് കണ്ടതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
കുത്തേറ്റ സാബിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദേഹത്ത് ഒന്നിലധികം കുത്തുകളേറ്റിട്ടുണ്ട്. സാബിത്തിന്റെ ഏതാനും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ജിംനേഷ്യം ഉടമ പ്രതാപിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയൽ എടുത്തിട്ടുണ്ട്. സാബിത്തിന്റെ മൃതദേഹം ആലുവ മോർച്ചറിയിലേക്കു മാറ്റി. എടത്തല പോലീസാണ് കേസ് അന്വേഷിക്കുന്നത്.