
ഗുരുവായൂർ: പടിഞ്ഞാറെനടയിലെ ഫ്ലാറ്റിൽ വയോധിക കുടുങ്ങിയെന്നു കരുതി കൂടെയുള്ള സ്ത്രീ പോലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചതു ഫയർഫോഴ്സിനെ ഒന്നരമണിക്കൂറോളം വട്ടം കറക്കി.
ഒടുവിൽ ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴേക്കും അകത്തുണ്ടെന്നു കരുതിയ വയോധിക ഗുരുവായൂരപ്പന്റെ പ്രസാദവുമായി പുറത്തു കാത്തുനിൽക്കുന്നു!!!
പടിഞ്ഞാറെനടയിലെ ഫ്ലാറ്റിലാണ് സംഭവം. ക്ഷേത്രദർശനത്തിനായി കഴിഞ്ഞ ദിവസം ആലപ്പുഴയിൽനിന്നുള്ള രണ്ടുസ്ത്രീകൾ ഇവിടെ വന്നു താമസിച്ചിരുന്നു. ഇന്നലെ പുലർച്ചെ നാലോടെ ഇരുവരും ക്ഷേത്രദർശനത്തിനു പോകാൻ തീരുമാനിച്ചിരുന്നു.
ഒരാൾ രാവിലെ കൃത്യസമയത്തു പോകാനൊരുങ്ങിയപ്പോൾ, കൂട്ടുകാരി സുഖമില്ല, അരമണിക്കൂറിനകം എത്താമെന്നേറ്റു. ഇവർ പിന്നീട് എഴുന്നേറ്റ് ഏഴരയോടെ ക്ഷേത്രത്തിലേക്കു പോയി.
ആദ്യം പോയ സ്ത്രീ ഒപ്പമുള്ള സ്ത്രിയെ കാണാതായതോടെ എട്ടോടെ തിരിച്ചെത്തി വാതിൽ തട്ടിയെങ്കിലും തുറന്നില്ല. അവർ അകത്തുതന്നെയുണ്ടാകുമെന്നു കരുതി തുടർച്ചയായി വിളിച്ചെങ്കിലും തുറക്കാതായതോടെ സ്ത്രീ നിലവിളി തുടങ്ങി.
വാതിൽ അകത്തുനിന്നാണോ പുറത്തുനിന്നാണോ പൂട്ടിയിരിക്കുന്നത് എന്ന് അറിയാൻ കഴിയാത്ത രീതിയിലുള്ളതാണ്. നിലവിളികേട്ട് തൊട്ടട്ടുത്ത ഫ്ലാറ്റിലെ താമസക്കാരും എത്തി.
ഓടിക്കൂടിയവർ വിവരം ഫയർഫോഴ്സിനേയും പോലീസിനേയും അറിയിച്ചു. എട്ടരയോടെ പോലീസും ഫയർഫോഴ്സുമെത്തിയെങ്കിലും അകത്ത് ആളു കുടുങ്ങി ക്കിടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനായില്ല.
അകത്തുള്ള സ്ത്രീ സുഖമില്ലാത്തതാണെന്നും ശുചിമുറിയിലോ മറ്റോ തളർന്നു കിടക്കുകയാകുമെന്നും പുറത്തുള്ള സ്ത്രീ അറിയിച്ചതോടെ പോലീസ് വാതിൽ തകർക്കാൻ ശ്രമം തുടങ്ങി.
പത്തോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴേക്കും ക്ഷേത്രത്തിൽ പോയ സ്ത്രീ തിരിച്ചെത്തി. സ്ത്രീകൾ രണ്ടുപേരും ഇന്നലെ വൈകീട്ടുള്ള ട്രെയിനിൽ തിരിച്ചുപോകാനിരുന്നതാണ്.
എന്നാൽ കേടുവന്ന വാതിൽ ശരിയാക്കി പോയാൽ മതിയെന്നു ഫ്ലാറ്റുടമ അറിയിച്ചതോടെ ഇവർക്ക് ഒരു ദിവസം കൂടി തങ്ങേണ്ടി വന്നു…