വി.അഭിജിത്ത്

പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ പരസ്പരം ആളുകൾ അടുത്ത് ഇടപഴകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ജിംനേഷ്യം, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ, ഹോട്ടൽ, വിവിധ കോച്ചിംഗ് സെന്ററുകൾ എന്നിവയ്ക്കാണ് സർക്കാർ ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്.
പിന്നീട് വിവിധ സ്ഥാപനങ്ങൾക്കും ഗതാഗത സംവിധാനത്തിനും ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കോവിഡ് വ്യാപനഭീതിയിൽ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ് ജിംനേഷ്യങ്ങൾ.
നൂറോളം ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബുകളുമാണ് ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. മൂന്നുമാസമായി അടഞ്ഞുകിടക്കുന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് വന്നിരിക്കുന്നതെന്ന് ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി എം.കൃഷ്ണപ്രസാദ് പറഞ്ഞു.
പ്രധാനമായും കെട്ടിട വാടക നല്‍കാനാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 15000 രൂപ മുതൽ 50000 രൂപവരെ മാസം കെട്ടിട വായ്പ നല്‍കിവരുന്ന ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബുകളും പ്രവർത്തിക്കുന്നു.
ലോക് ഡൗണിൽ ജിംനേഷ്യങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ വിവിധ ഹെൽത്ത് ഇൻസ്ട്രക്ടമാർ യാതൊരു വരുമാനവുമില്ലാതെ ഇരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ലോക് ഡൗണ്‍ തുടങ്ങിയതുമുതൽ ആദ്യമാസത്തെ കെട്ടിടവായ്പ കെട്ടിട വായ്പ ഒഴിവാക്കി നല്‍കിയെങ്കിലും പിന്നീടുള്ള മാസങ്ങളിൽ ജിമ്മുകൾ പ്രവർത്തിക്കാതെ തന്നെ കെട്ടിടവാടക നല്‍കാനുള്ള നെട്ടോട്ടത്തിലാണ് ജിമ്മിലെ ഇൻസ്ട്രക്ടർമാർ.
ജിംനേഷ്യം തുടങ്ങാൻ ബാങ്കിൽനിന്നും പത്തുലക്ഷം മുതൽ 50 ലക്ഷംവരെ ലോണ്‍ എടുത്താണ് ജിമ്മിൽ വർക്ക് ഒൗട്ട് ചെയ്യാൻ ഉപയോഗിക്കുന്ന സാമഗ്രികളും ഇന്റീരിയർ വർക്കുകളും നടത്തുന്ന്.
ജിമ്മുകൾ പ്രവർത്തിക്കാത്തതിനാൽ ലോണ്‍ തിരച്ചടവിന്റെ കാര്യത്തിലും ആശങ്കയാണ്. കൂടാതെ ട്രെഡ്മിൽ, വൈബ്രേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കാത്തതിനാൽ കേടാനാകാനും സാധ്യത ഏറെയാണ്.
ജിംനേഷ്യം ഓപ്പറേറ്റർമാരുടെ നിലവിലുള്ള ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചു ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റായ വി.കെ.ശ്രീകണ്ഠൻ എംപി സർക്കാരിന് നിവേദനം നല്‍കിയെങ്കിലും കേന്ദ്രത്തിൽനിന്നും ജിംനേഷ്യങ്ങൾ തുറക്കുന്നതിനായി നിർദേശം ലഭിച്ചില്ലെന്നാണ് മറുപടി.
കൃത്യമായി ജിമ്മുകൾ ഉപയോഗിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുകയാണ് ഈ പൂട്ടിയിടൽ. നിലവിൽ ഗ്രൗണ്ടുകളിലും മറ്റുമാണ് ആളുകൾ രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യുന്നത്.
കോവിഡ് പ്രതിരോധ പ്രോട്ടോകോൾ പാലിച്ച് ജിമ്മുകളും ഹെൽത്ത് ക്ലബുകളും തുറക്കാൻ സംസ്ഥാന കായിക മാന്ത്രി ഇ.പി ജയരാജനോടു സൂചിപ്പിച്ചതായി ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി എം.കൃഷ്ണപ്രസാദ് വ്യക്തമാക്കി.