റോബിൻ ജോർജ്
കൊച്ചി: സംസ്ഥാനത്ത് എച്ച് 1 എന്‍1 ബാധയുടെ വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നു. പകര്‍ച്ച പനിക്കൊപ്പം പടരുന്ന എച്ച് 1 എന്‍ 1 ഈ വര്‍ഷം ഇതുവരെ കവര്‍ന്നത് 21 ജീവന്. രോഗബാധ തടയുന്നതിന് ആവശ്യത്തിനു മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ഇവയെല്ലാം വേണ്ടത്ര ഫലം കാണുന്നില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇൗ വര്‍ഷം ഇതുവരെ 314 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ചുരുക്കം പേരിലാണു രോഗം കണ്ടെത്തിയതെങ്കില്‍ ഇത്തവണ എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചവരുടെ ശതമാനം മുപ്പതിനോടടുത്തു. അതായതു നൂറു ജലദോഷ പനി ബാധിതരെ പരിശോധനയ്ക്കു വിധേയമാക്കിയാല്‍ ഇവരില്‍ മുപ്പതുപേര്‍ക്കും എച്ച് 1 എന്‍ 1 ബാധയുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. രോഗം ബാധിച്ചവരില്‍ 90 ശതമാനം പേരിലും സാധാരണ എച്ച് 1 എന്‍ 1 ബാധയാണു കണ്ടെത്തുന്നതെങ്കിലും ബാക്കി പത്തു ശതമാനം പേരിലും രോഗം ഭയാശങ്കയ്ക്കു കാരണമാകും.
എ,ബി,സി എന്നിങ്ങനെ മൂന്നു കാറ്റഗറിയായി തിരിച്ചിരിക്കുന്ന രോഗ ബാധയില്‍ 90 ശതമാനം പേരിലും കണ്ടെത്തുന്നതു കാറ്റഗറി എയില്‍പ്പെടുന്ന സാധാരണ എച്ച് 1 എന്‍ 1 രോഗമാണ്. ആവശ്യത്തിനു വിശ്രമവും മരുന്നുംകൊണ്ടു രോഗം പൂര്‍ണമായി ഭേദമാകും. ഗര്‍ഭിണികളിലും രക്തസമ്മര്‍ദമുള്ളവരിലും കാന്‍സര്‍ രോഗികളിലും പിടിപെടുന്ന എച്ച് 1 എന്‍ 1 കാറ്റഗറി ബിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റഗറി ബിയിൽ ഉള്‍പ്പെടുന്ന എച്ച് 1 എന്‍ 1 പനി ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ്. ഇത്തരക്കാരില്‍ പെട്ടെന്നു ന്യൂമോണിയ പിടിപെടും. യഥാസമയം ചികിത്സ ലഭ്യമായില്ലെങ്കില്‍ മരണംവരെ സംഭവിക്കാം.
കാറ്റഗറി സിയാകട്ടെ എച്ച് 1 എന്‍ 1 ബാധയേറ്റ് ചികിത്സ ലഭ്യമാകുംമുമ്പേ മരണം സംഭവിക്കുന്ന കേസുകളാണെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തിരിച്ചറിയുംമുമ്പേ രോഗ ബാധ ന്യൂമോണിയായി മാറുകയും മരണത്തിന് ഇടയാകുകയും ചെയ്യും. 2009 ലായിരുന്നു മുന്‍പ് ഏറ്റവും അധികം എച്ച് 1 എന്‍ 1 ബാധ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പനി ബാധിതരുടെ എണ്ണവും തന്മൂലമുണ്ടാകുന്ന മരണവും വളരെ കുറവാണെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം രോഗ വ്യാപനത്തിന്റെ തോത് വളരെ കൂടുതലാണെന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
ഈ മാസം ഇതുവരെ 126 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം എച്ച് 1 എന്‍ 1 രോഗത്തിനു പുറമെ സംസ്ഥാനത്തു ഡെങ്കിപ്പനിയും വയറിളക്ക രോഗങ്ങളും ചിക്കന്‍പോക്സും പടര്‍ന്നുപിടിക്കുന്നുണ്ട്. 1.21 ലക്ഷം പേര് വയറിളക്ക രോഗവുമായി ബന്ധപ്പെട്ട് ചികിത്സതേടിയപ്പോള്‍ രണ്ടുപേര്‍ മരണത്തിനു കീഴടങ്ങിയതായാണു കണക്കുകള്‍. എലിപ്പനിയും ചിക്കന്‍പോക്സും ബാധിച്ച് ഈ വര്‍ഷം 11 പേരാണു മരിച്ചത്. കഴിഞ്ഞ വര്‍ഷം എച്ച് 1 എൻ1 ബാധിച്ച് ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. 2015ലാകട്ടെ 90 പേരാണു എച്ച് 1 എന്‍ 1 ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.
രോഗ ലക്ഷണം
എച്ച് 1 എന്‍1 പനിക്കും സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ തന്നെയാണ്.
വൈറസ് രോഗമായ എച്ച് 1 എന്‍ 1 തുമ്മലിലൂടെയും ചുമയിലൂടെയും മറ്റുമാണു പകരുന്നത്. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. സാധാരണ വൈറല്‍ പനി ഭേദമാകാന്‍ മൂന്നുമുതല്‍ അഞ്ചുദിവസംവരെ വേണ്ടിവരും. കടുത്ത പനിക്കൊപ്പം ശരീരവേദന, തലവേദന, ശരീരത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഡെങ്കിയുടെ ലക്ഷണമാണ്. പനിയോ ചുമയോ ശ്വാസകോശ അണുബാധയോ കുറയാതിരിക്കുകയാണെങ്കില്‍ ഏറെ വൈകാതെതന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി വൈദ്യസഹായം തേടണം.
ആരോഗ്യവകുപ്പിന്റെ പ്രധാനനിര്‍ദേശങ്ങള്‍
പനിക്കുള്ള എല്ലാ മരുന്നുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂ. ചൂടുള്ള പാനീയങ്ങള്‍ നിരന്തരം കുടിക്കണം. ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ നിശ്ചയമായും ആശുപത്രിയില്‍ എത്തി ചികിത്സ തേടണം. ഗര്‍ഭിണികളും പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കരള്‍ – വൃക്ക രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തുകയും വേണം.
എന്താണ് എച്ച് 1 എന്‍ 1
എച്ച് 1 എന്‍ 1 ഒരു തരം പകര്‍ച്ചപ്പനിയാണ്. ഇന്‍ഫ്ളുവന്‍സ എ (എച്ച് 1 എന്‍ 1) വൈറസാണ് രോഗകാരി. പന്നികളില്‍ കാണപ്പെട്ടിരുന്ന ശ്വാസകാശരോഗമാണ് എച്ച് 1 എന്‍ 1 അഥവാ ‘സ്വിന്‍ ഫ്ളൂ’. കാലക്രമത്തില്‍ പന്നിയില്‍നിന്നു വൈറസ് മനുഷ്യരിലെത്തി. പിന്നീട് മനുഷ്യനില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നു.
രോഗബാധിതര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കു ചീറ്റുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെ രോഗാണുക്കള്‍ വായുവില്‍ കലരുന്നു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലും മറ്റും തങ്ങുമ്പോള്‍ എച്ച് 1 എന്‍ 1 വൈറസ് ശ്വസനത്തിലൂടെ മറ്റുള്ളവരുടെ ശ്വാസനാളത്തിലെത്തുന്നു. രോഗാണുക്കള്‍ നിറഞ്ഞ ഇത്തരം സ്രവങ്ങളില്‍ സ്പര്‍ശിക്കുന്നതു വഴിയും രോഗം മറ്റുളളവരിലേക്കു വ്യാപിക്കുന്നു.
ചികിത്സ
എച്ച് 1 എന്‍1 ചികിത്സയില്‍ കാറ്റഗറി എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കു പ്രത്യേക മരുന്നുകളുടെ ആവശ്യമില്ല. പോഷകഗുണമുള്ള ഭക്ഷണങ്ങളും (ഉദാ: കഞ്ഞിവെള്ളം) ആവശ്യത്തിനു വിശ്രമവും എടുത്താല്‍ പനി തനിയെ മാറും.
കാറ്റഗറി ബി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്കാണു മരുന്ന് ആവശ്യമായി വരുന്നത്. എച്ച് 1 എന്‍ 1 ചികിത്സയ്ക്കു നല്കുന്ന മരുന്ന് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളിലും ഇത്തരം മരുന്നുകള്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞ വര്‍ഷംതന്നെ നിര്‍ദേശം നല്‍കിയിരുന്നതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.