ആലപ്പുഴ: എച്ച്-1, എൻ-1 പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് മുന്നറിയിപ്പു നൽകി. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ചികിത്സ ലഭിക്കും. ഒസൽട്ടാമീർ എന്ന ഒൗഷധം സ്വകാര്യആശുപത്രികൾ, കാരുണ്യ മെഡിക്കൽ സ്റ്റോർ, സ്വകാര്യ മെഡിക്കൽസ്റ്റോർ എന്നിവിടങ്ങളിൽ നിന്നും വാങ്ങാം. (0471 – 2552056, ടോൾ ഫ്രീ :1056)
തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം സ്വീകരിക്കുക. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും വായും മൂക്കും തുണിയോ തൂവാലയോ ഉപയോഗിച്ച് മറയ്ക്കുക. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക.
പനി ഉണ്ടെങ്കിൽ മറ്റുളളവരിൽ നിന്നും അകലം പാലിക്കുകയും പൊതുസ്ഥലങ്ങൾ, സ്കൂൾ, ജോലിസ്ഥലങ്ങൾഎന്നിവിടങ്ങളിൽ പോകാതിരിക്കുകയും ചെയ്യണം. കൊച്ചുകുട്ടികളെ അങ്കണവാടികൾ, ക്രഷ് എന്നിവിടങ്ങളിൽ വിടാതിരിക്കുക. കഞ്ഞിവെളളം, തിളപ്പിച്ചാറ്റിയ പാനീയങ്ങൾ തുടങ്ങിയവ ധാരാളം കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും വേണ്ടത്ര വിശ്രമിക്കുകയും ചെയ്യുന്നത് രോഗം കുറയുവാൻ ഉപകരിക്കും.
ഗർഭിണികൾ, ഉയർന്ന രക്തസമ്മർദം (ബിപി) ഉളളവർ, നീണ്ടകാല രോഗമുളളവർ (കരൾ/വൃക്കരോഗങ്ങൾ, കാൻസർ തുടങ്ങിയവ) ചെറിയ ജലദോഷംവന്നാൽ പോലും ഉടൻ തന്നെ വൈദ്യസഹായം സ്വീകരിക്കുന്നത് ഉത്തമമാണ്. രോഗബാധയുളളവർ വായും മൂക്കും പൊത്താതെ ചുമക്കുകയും തുമ്മുകയും ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ചെയ്യുന്പോഴും പൊതുസ്ഥലങ്ങളിൽ സന്ദർശനം നടത്തുന്പോഴും മറ്റുളളവർക്കും രോഗപകർച്ചക്ക് കാരണമാകും.