കൊച്ചി: ജില്ലയിൽ അഞ്ചുവയസുള്ള കുട്ടിക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ ഓഫീസറുടെ മുന്നറിയിപ്പ്. സാധാരണ വരുന്ന ജലദോഷപനി രണ്ടു ദിവസത്തിനുള്ളിൽ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാലോ ഉടനെ തന്നെ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിൽ വിദഗ്ധ ചികിത്സ തേടണമെന്നു മുന്നറിയിപ്പിൽ പറയുന്നു.
മുൻകരുതലുകൾ
– തുമ്മുന്പോഴും, ചുമയ്ക്കുന്പോഴും എച്ച്1എൻ1 രോഗബാധിതരിൽനിന്നു പുറത്തേക്ക് വരുന്ന രോഗാണുക്കൾ വഴിയാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്. അതുകൊണ്ട് തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക
> – പുറത്തുപോയി വന്നതിന് ശേഷം കൈകൾ തീർച്ചയായും സോപ്പുപയോഗിച്ച് കഴുകുക
> – രോഗലക്ഷണങ്ങളുള്ളവർ തിരക്കേറിയ മാളുകൾ, തീയറ്ററുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക
> – രോഗബാധയുള്ളവർ സ്കൂൾ, ഓഫീസ് എന്നിവിടങ്ങളിൽനിന്നു രോഗം പൂർണമായി ഭേദമാകുന്നവരെ വിട്ടു നിൽക്കുക.
ലക്ഷണങ്ങൾ
> – പനി
> – ചുമ
> – തൊണ്ടവേദന
> – തലവേദന
രോഗം സാധാരണ ഗതിയിൽ ഏതാനും ദിവസത്തെ വിശ്രമം കൊണ്ടും, പോഷകമൂല്യമുള്ള ആഹാരവും, കഞ്ഞിവെള്ളം പോലുള്ള ചൂടുപാനീയങ്ങളും കഴിക്കുന്നത് കൊണ്ടും മാറുന്നതാണ്. എന്നാൽ ഗർഭിണികളിലും, ഹൃദയ, വൃക്ക, പ്രമേഹ സംബന്ധമായ രോഗങ്ങൾ ഉള്ളവരിലും, മറ്റു ഗുരുതര രോഗങ്ങളുള്ളവരിലും എച്ച് 1 എൻ 1 രോഗാണുബാധ ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും ഇടയുണ്ട്. സാധാരണ മാറുന്ന സമയം കൊണ്ട് പനി മാറിയില്ലെങ്കിലോ, പനി കൂടുതലാകുകയാണെങ്കിലോ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
ഗർഭാവസ്ഥയിൽ രോഗം ബാധിച്ചാൽ അത് ഗുരുതരമാകാനിടയുണ്ട്. ഗർഭിണികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ എച്ച്1എൻ1 പനിക്കെതിരായ ചികിത്സ ആരംഭിക്കണം. എച്ച്1എൻ1 പനിക്കെതിരായ ഫലപ്രദമായ മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.