കൊല്ലം :എച്ച് വൺ എന്‍ വൺ പനി പടരുന്നത് തടയാനുള്ള മുന്‍കരുതലുമായി ആരോഗ്യവകുപ്പ് .ചുമ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികള്‍ കഫ് കോര്‍ണറില്‍ ലഭ്യമാക്കിയിട്ടുള്ള മാസ്കുകള്‍ ധരിച്ച് തിരികെ പോകുമ്പോള്‍ നിശ്ചിത വേസ്റ്റ് ബക്കറ്റില്‍ നിക്ഷേപിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തൊണ്ട വേദന, മൂക്കൊലിപ്പ്, ശ്വാസതടസം, ഛര്‍ദ്ദി എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടണം.
ഇവ എച്ച്1 എന്‍1 ലക്ഷണമാകാം. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.പരിശോധനക്കായി തൊണ്ടയിലെ സ്രവം എടുക്കുന്നതിനുള്ള സംവിധാനം ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി, കരുനാഗപ്പള്ളി-കുണ്ടറ-കൊട്ടാരക്കര- പുനലൂര്‍-ശാസ്താംകോട്ട-നീണ്ടകര-കടയ്ക്കല്‍ താലൂക്ക് ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് തുടക്കത്തില്‍ തന്നെ മരുന്ന് കഴിക്കണം. ഒസെറ്റാല്മിവിര് ഗുളികയാണ് കഴിക്കേണ്ടത്.സ്വയംചികിത്സ ഒഴിവാക്കണം. ചുമ, തുമ്മല്‍ എന്നിവ ഉള്ളപ്പോള്‍ മാസ്ക് ധരിക്കണം. കൈകള്‍ സോപ്പിട്ട് കഴുകണം. രോഗമുള്ള കുട്ടികളെ സ്കൂളില്‍ അയക്കരുത്. വീട്ടിനുള്ളില്‍ ഒറ്റപ്പെട്ട ഇടം സജ്ജമാക്കി ചികിത്സ നല്‍കുകയും വേണം. പോഷകാഹാരം കഴിക്കണം.
കുഞ്ഞുങ്ങളുമായി ആശുപത്രിയിലുള്ള രോഗികളെ സന്ദര്‍ശിക്കരുത് എന്നിവയാണ് പൊതു നിര്‍ദ്ദേശങ്ങള്‍.ജില്ലയില്‍ 50 പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ട്. അഞ്ചു പേര്‍ക്ക് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു എന്നും ഡി.എം.ഒ വ്യക്തമാക്കി. എച്ച് വൺ എൻ വൺ ബാധിച്ച് നെടുന്പന സ്വദേശിയായ ഒരു കുട്ടി കഴിഞ്ഞദിവസം മരിച്ചു.