മണ്ണാർക്കാട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എച്ച്1എൻ1 പനി വ്യാപകമായ സാഹചര്യത്തിൽ മണ്ണാക്കാട് ഭീതിയുടെ നിഴലിൽ. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാപ്രവർത്തനങ്ങൾ ഉൗർജിതമാക്കി. താലൂക്കിലെ കാരാകുറിശിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കേ എച്ച്1എൻ1 പനി ബാധിച്ച് വൃദ്ധ മരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ജാഗ്രതാപ്രവർത്തനങ്ങൾ തുടങ്ങിയത്.
അറുപതുകാരിയുടെ രക്തസാന്പിളിൽ എച്ച്1എൻ1 ബാധയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കാരാകുറിശി മേഖലയിൽ കൂടുതൽ പരിശോധന നടത്തിയെങ്കിലും മറ്റാർക്കും രോഗമുള്ളതായി റിപ്പോർട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ജില്ലയിൽ പത്തോളംപേർക്ക് ഇതുവരെ രോഗബാധയേറ്റിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതേ തുടർന്നു പരിശോധനയും ജാഗ്രതയും വ്യാപകമാണ്. ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിന്റെ വിവിധഭാഗങ്ങളിൽ രോഗം പടരാനുള്ള സാധ്യത ഏറെയാണ്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ വഴി കർശനപരിശോധനയും ജാഗ്രതയുമാണ് ആരോഗ്യവകുപ്പുകൾ പുലർത്തുന്നത്. മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലും പനി ബാധിതരക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാവിലെമുതൽ തന്നെ നീണ്ടനിര ഒപിയിൽ ഉണ്ടാകുകയാണ്.
ഓരോദിവസവും അറുപതിലേറെ ഒപി ടിക്കറ്റുകൾ ചെലവാകുന്നതായാണ് ആശുപത്രിവൃത്തങ്ങൾ പറയുന്നത്. മേഖലയിൽ എച്ച്1എൻ1 ജാഗ്രതാനിർദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുകയും ചെയ്തതോടെ ജനങ്ങൾ ഭീതിയിലാണ്.