മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ ഇന്നലെ 60 പേരിൽ കൂടി സ്ഥിരീകരിച്ചു. ഇതിൽ മൂന്നെണ്ണം ഇന്നലെ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ മെഡിക്കൽ ക്യാംപിലും മറ്റുള്ളവ ഗൃഹ സന്ദർശനത്തിലുമാണ് കണ്ടെത്തിയത്.
ബി ടൈപ്പിൽ പെട്ട ഒരാളെ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പരിശോധനയിലും കണ്ടെത്തി. ഇതോടെ രോഗികളുടെ ആകെ എണ്ണം 333 ആയി. ഇതുവരെ 52 പേർക്ക് പ്രതിരോധ മരുന്നുകൾ നൽകിയിട്ടുണ്ട്. ഇതിൽ ആറ് ഗർഭിണികളും രണ്ട് കുട്ടികളുമുണ്ട്.
18 ഡോക്ടർമാരും 56 ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടന പ്രവർത്തകരുമടക്കമുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏഴ് ദിവസമാണ് സാധാരണ എച്ച് വൺ എൻ വൺ പനി നീണ്ടുനിൽക്കുക. ഭയപ്പെടേണ്ട ആവശ്യമില്ലന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.
അതേ സമയം പനി ബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവുണ്ടാവാത്തത് വലിയ ആശ്വാസമാണ്. കാരശ്ശേരി പഞ്ചായത്തിലെ മുഴുവൻ വീടുകളിലുമെത്തിയുള്ള വിവര ശേഖരണത്തിൽ 57 പേർക്ക് മാത്രമാണ് പനി കണ്ടെത്തിയത്. ഇത് പ്രതിരോധ നടപടികൾ ഫലം ചെയ്തതിന് തെളിവാണന്നും ആരോഗ്യ വകുപ്പധികൃതർ പറയുന്നു.