പാലക്കാട്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാലക്കാട് ജില്ലയിൽ എച്ച് 1 എൻ 1 രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 2019 ജനുവരി ഒന്നുമുതൽ മെയ് 26 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച് ജില്ലയിൽ 19 പേർക്കാണ് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചത്. ഷൊർണ്ണൂർ നഗരസഭാ പരിധിയിലും കുന്പിടി പഞ്ചായത്ത് പരിധിയിലുമായി രണ്ടുമരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ വർഷം 43 പേർക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചിരുന്നത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിരുന്നു. വളരെ എളുപ്പത്തിൽ ചികിത്സിക്കാവുന്ന ഒന്നാണ് എച്ച് 1 എൻ 1 പനി. പ്രത്യേക ലാബ് പരിശോധനകൾ ഇതിന് ആവശ്യമില്ല. എല്ലാ സർക്കാർ ആശുപത്രികളിലും എച്ച് 1 എൻ 1 പനിയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. തുടക്കത്തിലെ ചികിത്സിച്ചാൽ പൂർണമായി ഭേദമാക്കാൻ കഴിയുന്ന രോഗമാണിതെന്ന് അധികൃതർ അറിയിച്ചു.