കൽപ്പറ്റ: ജില്ലയിൽ എച്ച1 എൻ1 പനി റിപ്പോർട്ട് ചെയ്ത നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ റെസിഡൻഷൽ സ്കൂളിലെ വിദ്യാർഥികൾക്കുവേണ്ടി മെഡിക്കൽ ക്യാന്പ് നടത്തി ചികിത്സ നല്കാൻ ടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ എ.ആർ. അജയകുമാർ അറിയിച്ചു. പനി നിയന്ത്രണ വിധേയമാണ്. പനി ബാധിച്ച് വീട്ടിലേക്ക് പോയ കുട്ടികളുടെ തുടർ ചികിത്സ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ട ട്രൈബൽ വകുപ്പ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഡി ആൻഡ് ഒ പരിശോധന നടത്തുന്നതിനും ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രാജീവ്ഗാന്ധി മെമ്മോറിയൽ റെസിഡൻഷൽ സ്കൂളിലെ നാല് വിദ്യാർഥികൾക്ക് പരിശോധനയിൽ എച്ച്1 എൻ1 പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
രോഗലക്ഷണങ്ങൾ ഉള്ള മുഴുവൻ കുട്ടികൾക്കും പ്രതിരോധമരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്കൂൾ ഹോസ്റ്റലിൽ രണ്ട് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ച് 58 കുട്ടികളെ പാർപ്പിച്ച് നിരീക്ഷിച്ചു വരുന്നുണ്ട്.
സ്കൂളിൽ 299 പെണ്‍കുട്ടികളും 235 ആണ് കുട്ടികളും ഉൾപ്പെടെ 543 കുട്ടികളാണുള്ളത്. പ്രതിരോധ നടപടിയെന്ന നിലയില്‍ ഹോസ്റ്റലിൽ 200 മാസ്ക് വിതരണം ചെയ്യുകയും വീട്ടിലേക്ക് പോയ എല്ലാ കുട്ടികളെയും അവർ താമസിക്കുന്ന പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിന്റെ നിരീക്ഷണത്തിൽ ആവശ്യമായ ചികിത്സയും നൽകി വരുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചുമയ്ക്കുന്പോൾ മൂക്കും വായും തൂവാല ഉപയോഗിച്ച് മറക്കുക
ഇടക്കിടെ കൈകൾ സേപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
വീടിന് പുറത്ത് പോയി തിരികെ എത്തിയാൽ നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് രോഗം പെട്ടെന്ന് പിടിപെടാനും സങ്കീർണമാകാനും സാധ്യതയുള്ളതിനാൽ പനി വന്നാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
സ്വയം ചികിത്സ പാടില്ല.